ജിസിസി- യൂറോപ്പ് റോഡ്, റെയിൽ ശൃംഖല; നിർണായക യോഗം നാളെ തുർക്കിയിൽ
ഖത്തർ, യു.എ.ഇ, തുർക്കി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇറാഖ് വഴി ഏഷ്യയെയും യൂറോപ്പിനെയും കരമാർഗം ബന്ധിപ്പിക്കുന്ന പാത വരുന്നത്
ദോഹ: ജിസിസി- യൂറോപ്പ് റോഡ്, റെയിൽ ശൃംഖലയുമായി ബന്ധപ്പെട്ട നിർണായക യോഗം നാളെ തുർക്കിയിൽ. പദ്ധതിയിൽ നിക്ഷേപത്തിന് കൂടുതൽ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി തുർക്കി ഗതാഗത മന്ത്രി പറഞ്ഞു. ഖത്തർ, യു.എ.ഇ, തുർക്കി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇറാഖ് വഴി ഏഷ്യയെയും യൂറോപ്പിനെയും കരമാർഗം ബന്ധിപ്പിക്കുന്ന പാത വരുന്നത്. മേഖലയിലെ ചരക്കുനീക്കത്തിൽ വൻ കുതിപ്പിന് വഴിവെക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഏപ്രിലിൽ നാല് രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചിരുന്നു.
ഇറാഖിലെ അൽഫാ തുറമുഖത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കുവൈത്തിനും ഇറാനുമിടയിൽ അറേബ്യൻ ഉൾകടലിലേക്ക് ഇറങ്ങി നിൽക്കുന്ന അൽഫാ തുറമുഖത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. തുർക്കിയിലേക്കാണ് റോഡ് നീണ്ടു കിടക്കുന്നത്. 1200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 1700 കോടി ഡോളറാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ആദ്യഘട്ടം 2028ലും രണ്ടാംഘട്ടം 2033ലും 2050ലുമായി പൂർത്തിയാക്കും.
നിർമാണത്തിൽ പങ്കാളിത്ത താൽപര്യവുമായി വിവിധ അറബ്, യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയതായി തുർക്കി ഗതാഗത മന്ത്രി പറഞ്ഞു. നിക്ഷേപത്തിനും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാകാനുമുള്ള താൽപര്യമാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം നാളത്തെ യോഗത്തിൽ ചർച്ചയാകും.
Adjust Story Font
16