ഖത്തറിലെ കോൺടെക് എക്‌സ്‌പോയിൽ ആഗോള ടെക് ഭീമൻമാർ പങ്കെടുക്കും
പ്രഥമ കോൺടെക് എക്‌സ്‌പോ ഈ മാസം 16, 17, 18 തീയതികളിലാണ് നടക്കുന്നത്
ദോഹ: ഖത്തർ വേദിയാകുന്ന കോൺടെക് എക്‌സ്‌പോയിൽ ആഗോള ടെക് ഭീമൻമാർ പങ്കെടുക്കും. ഗൂഗിളും മൈക്രോസോഫ്റ്റും അടക്കമുള്ള കമ്പനികളാണ് എക്‌സ്‌പോയ്ക്ക് എത്തുന്നത്. ഈ മാസം 16 നാണ് എക്‌സ്‌പോ തുടങ്ങുന്നത്.
നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രഥമ കോൺടെക് എക്‌സ്‌പോ ഈ മാസം 16, 17, 18 തീയതികളിലാണ് നടക്കുന്നത്. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററാണ് വേദി. വാണിജ്യ-വ്യവസായ മന്ത്രാലയം, കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുമരാമത്ത് വിഭാഗം എന്നിവ സംയുക്തമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, വാവെയ്. ഐബിഎം തുടങ്ങി ടെക് ലോകത്തെ വമ്പൻമാരെല്ലാം പ്രദർശനത്തിന്റെ ഭാഗമാകും. 250 സ്ഥാപനങ്ങളാണ് പ്രദർശനത്തിന്റെ ഭാഗമാകുന്നത്. 60ലേറെ വിദഗ്ധർ ആശയങ്ങൾ പങ്കുവെക്കും. മൂന്ന് ദിവസത്തെ എക്‌സ്‌പോയിലേക്ക് 15000ത്തിലേറെ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
3ഡി പ്രിന്റിംഗ്, റോബോട്ടിക്‌സ്, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ നിർമാണ മേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാകും കോൺടെക് നൽകുക.
Adjust Story Font
16