ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്താല്‍ കനത്ത പിഴ
രണ്ടര ലക്ഷം ഖത്തര്‍ റിയാല്‍ അതായത് 50 ലക്ഷം രൂപയിലേറെ തുക പിഴയടയ്ക്കേണ്ടി വരും
ദോഹ: ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ. രണ്ടര ലക്ഷം ഖത്തര്‍ റിയാല്‍ അതായത് 50 ലക്ഷം രൂപയിലേറെ തുക പിഴയടയ്ക്കേണ്ടി വരും. ടിക്കറ്റ് പരസ്യത്തിലും ട്രാവല്‍ പാക്കേജിലുമൊക്കെ ഉപയോഗപ്പെടുത്തുന്നതിനും വിലക്കുണ്ട്.
ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ അത് സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ കൈമാറാനോ വില്‍ക്കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ലാതെ ടിക്കറ്റ് വില്‍ക്കുക, മറ്റൊരു ടിക്കറ്റുമായി പരസ്പരം കൈമാറുക തുടങ്ങിയവയെല്ലാം നിയമ വിരുദ്ധമാണ്. ഇങ്ങനെ പിടിക്കപ്പെട്ടാല്‍ രണ്ടര ലക്ഷം ഖത്തര്‍ റിയാല്‍ അതായത് 50 ലക്ഷം രൂപയിലേറെ തുക പിഴയടയ്ക്കേണ്ടി വരും. ടിക്കറ്റ് ലഭിച്ചയാള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ കളി കാണാന്‍ കഴിയില്ലെങ്കില്‍, അല്ലെങ്കില്‍ താല്‍പര്യമില്ലെങ്കില്‍ ഈ ടിക്കറ്റ് ഫിഫയുടെ ഓണ്‍ലൈന്‍ റീസെയില്‍ പ്ലാറ്റ് ഫോം വഴി മറ്റൊരാള്‍ക്ക് നല്‍കാം. അല്ലാതെ കൈമാറുന്ന ടിക്കറ്റുകള്‍ അറിയിപ്പില്ലാതെ തന്നെ അസാധുവാകും, ടിക്കറ്റ് സ്വന്തമാക്കിയ മെയിന്‍ അപ്ലിക്കന്‍റിനെ ഒരു കാരണവശാലും മാറ്റാനാവില്ല. എന്നാല്‍ ഗസ്റ്റിനായി എടുത്ത ടിക്കറ്റുകള്‍ മറ്റൊരാളിലേക്ക് മാറ്റുന്നതിന് പ്രശ്നമില്ല, പക്ഷെ ടിക്കറ്റിന് അപേക്ഷിച്ചയാള്‍ വഴി മാത്രമേ ഇത് സാധിക്കൂ. അതായത് ഗസ്റ്റ് ആയി ടിക്കറ്റ് ലഭിച്ചയാള്‍ അയാള്‍ക്ക് കളി കാണാന്‍ കഴിയില്ലെങ്കില്‍ ഈ ടിക്കറ്റ് അപേക്ഷകന് കൈമാറണം.
Adjust Story Font
16