Quantcast

ഖത്തരി വിദ്യാർഥികളുടെ ഉന്നത പഠനം: സർവകാലാശാലകളുടെ പട്ടികയിൽ ഇന്ത്യൻ സ്ഥാപനങ്ങളും

ഇന്ത്യയിൽ നിന്നുള്ള 13 ഉന്നത കലാലയങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-07-23 19:17:55.0

Published:

23 July 2024 4:36 PM GMT

Qatar unveils new blueprint for future education projects
X

ദോഹ: ഖത്തരി വിദ്യാർഥികളുടെ ഉന്നത പഠനത്തിനായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്ത വിദേശ സർവകാലാശാലകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങളും ഇടംപിടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 763 സർവകാലാശാലകൾക്കാണ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയത്.

വിവിധ വിഷയങ്ങളിലെ സ്വാശ്രയ പഠനത്തിനായി എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളജി, മെഡിസിൻ, ബയോളജിക്കൽ സയൻസ്, നാച്വറൽ സയൻസ്, നിയമം, അക്കൗണ്ടിങ്, വിദ്യാഭ്യാസം, സോഷ്യൽ ആൻഡ് ഹ്യൂമനിറ്റേറിയൻ സയൻസ്, മാനേജ്‌മെൻറ് വിഷയങ്ങളിൽ ഉന്നത പഠനത്തിനുള്ള കലാലയങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ഗുവാഹതി, ഐ.ഐ.ടി കാൺപൂർ, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി ഗൊരഖ്പുർ, ഐ.ഐ.ടി റൂർകി, വി.ഐ.ടി വെല്ലൂർ, അണ്ണാ യൂണിവേഴ്‌സിറ്റി, ചണ്ഡിഗഢ് യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജസ്ഥാനിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിങ്ങനെ ഇന്ത്യയിൽ നിന്നുള്ള 13 ഉന്നത കലാലയങ്ങളാണ് ഇടം പിടിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സെൽഫ് ഫണ്ടഡ് സ്റ്റഡി വിഭാഗത്തിലാണ് ഇവ ഇടം പിടിച്ചത്. സ്‌കോളർഷിപ്പില്ലാതെ സ്വന്തം ചിലവിൽ വിദ്യാർഥികൾക്ക് ഇവിടെ ഉപരി പഠനം നേടാം. അതേസമയം, വിദേശത്ത് പഠിക്കാൻ മുൻകൂർ അനുമതി വാങ്ങണം.

അമീരി സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ അമേരിക്ക, ബ്രിട്ടൻ, ചൈന, ആസ്‌ത്രേലിയ, സിംഗപ്പൂർ, സ്വിറ്റ്‌സർലാൻഡ് രാജ്യങ്ങളിൽ നിന്നുള്ള 24 ലോകോത്തര സർവകലാശാലകൾ ഇടം നേടി.

അകാദമിക മികവ്, ലോകറാങ്കിങ്, വിഷയങ്ങളിലെ മികവ് എന്നിവ മാനദണ്ഡമാക്കിയാണ് വിദ്യാഭ്യാസ മന്ത്രാലയം വിദേശസർവകലാശാലകളെ തിരഞ്ഞെടുത്തത്. പട്ടികയിൽ അറബ് രാജ്യങ്ങളിൽ നിന്ന് 16 സർവകലാശാലകളും ഇടം നേടിയിട്ടുണ്ട്.



TAGS :

Next Story