നാറ്റോ ഇതര സഖ്യപദവി -ഖത്തറിന് നേട്ടമാകുന്നത് എങ്ങനെ ?
നാറ്റോ ഇതര സഖ്യരാജ്യമായി നിര്‍ദേശിക്കുമെന്ന യു.എസ് പ്രസിഡന്റിന്റെ പ്രഖ്യാപനം ഖത്തറിന് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.നാറ്റോ ഇതര സഖ്യപദവിയിലേക്ക് മാറുന്നതോടെ, അമേരിക്കയുമായി സാമ്പത്തിക, സൈനിക മേഖലകളിൽ പ്രത്യേക പദവിയും ആനുകൂല്യങ്ങൾക്കും ഖത്തറിന് അർഹതയുണ്ടാവും. പ്രതിരോധ ഇടപാടുകള്‍, സുരക്ഷാ സഹകരണം, ആയുധ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഖത്തറിന് ഇതോടെ മുന്‍ഗണന ലഭിക്കും.
വർഷങ്ങളായി വിവിധ മേഖലകളിൽ അമേരിക്കയുമായി അടുത്ത സൗഹൃദം നിലനിർത്തുന്ന രാജ്യമെന്ന നിലയിൽ ഖത്തറിനെ സഖ്യപദവിയിലേക്ക് നിർദേശിച്ചുകൊണ്ട് ബൈഡൻ യു.എസ് പ്രതിനിധി സഭാ സ്പീക്കർക്ക് കത്തെഴുതി. ഏറെ വൈകിയ തീരുമാനം എന്നായിരുന്നു ബൈഡൻ നിർദേശത്തെ വിശേഷിപ്പിച്ചത്.
അമേരിക്കയുമായി നയതന്ത്ര-സാമ്പത്തിക മേഖലകളിലെ അടുത്ത ബന്ധത്തിന്‍റെ പ്രതീകമായാണ് പ്രധാന നാറ്റോ ഇതര സഖ്യ പദവി നൽകുന്നത്. സൗഹൃദരാജ്യങ്ങളോടുള്ള അമേരിക്കയുടെ ബഹുമാനവും ആദരവുമാണ് ഇതുവഴി പ്രകടിപ്പിക്കുന്നതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് മേഖലയിൽ നിന്നും അമേരിക്കയുടെ നാറ്റോ ഇതര സഖ്യരാജ്യമായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ. 2004ൽ ജോർജ് ഡബ്ല്യൂ ബുഷ് സർക്കാർ കുവൈത്തിനെ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗൾഫ് മേഖലയിൽ നിന്നുള്ള ഒരു രാജ്യത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
ബഹ്റൈനാണ് മേഖലയിൽ നിന്നുള്ള മറ്റൊരു രാജ്യം.നാറ്റോ ഇതര സഖ്യങ്ങളുടെ പട്ടികയിലെ 19ാമത്തെ രാജ്യമാണ് ഖത്തർ. ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കെ 2019ൽ ബ്രസീലിനെ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് പട്ടികയിലേക്ക് പുതിയ നിർദേശം. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഖത്തര്‍ നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഖത്തറിനെ ബൈഡന്‍റെ പ്രിയങ്കരമാക്കിയത്. നേരത്തേ തന്നെ താലിബാനുമായുള്ള യു.എസ് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ഖത്തര്‍ മധ്യസ്ഥ റോള്‍ നിര്‍വഹിച്ചിരുന്നു.
ഖത്തറിലെ അല്‍ ഉദൈദില്‍ അമേരിക്കയുടെ സേനാ താവളത്തിന് ആതിഥ്യമരുളുന്ന ഖത്തറായിരുന്നു കഴിഞ്ഞ വര്‍ഷം ഇസ്രായേലും ഹമാസുമായുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും. അഫ്ഗാനിൽ നിന്നും അമേരിക്കൻ സേന പിൻവാങ്ങിയതോടെ നാറ്റോ രാജ്യങ്ങളിലെ പൗരന്മാരും അഫ്ഗാനികളും ഉൾപ്പെടെ ഒന്നേകാൽ ലക്ഷത്തോളം പേരെയാണ് ഖത്തർ കാബൂളിൽ നിന്നും ഒഴിപ്പിച്ചത്. രാജ്യാന്തര തലത്തിൽ ഇതും ഖത്തറിന് നേട്ടമായി മാറി.
News Summary : How does a non-NATO alliance benefit Qatar?
Adjust Story Font
16