ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
അന്താരാഷ്ട്ര വ്യോമ ഗതാഗതം സജീവമായതോടെ ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. യാത്രാ വിവര ശേഖരണ രംഗത്തെ വിദഗ്ധരായ ഫോര്‍വേഡ് കീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, കോവിഡിന് ശേഷം മിഡിലീസ്റ്റില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഖത്തറാണ്. കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഖത്തര്‍ കൈവരിച്ചത്.
ഈ വര്‍ഷം രണ്ടാംപാദത്തിന്റെ തുടക്കത്തില്‍ ഇന്റര്‍നാഷണല്‍ യാത്രികരില്‍ അധിക ബുക്കിങ്ങും ഖത്തറിലേക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കോവിഡിന് മുന്‍പുള്ള സാഹചര്യത്തേക്കാള്‍ മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിലേക്കുള്ള സന്ദര്‍ശകരില്‍ ബ്രിട്ടണില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവരാണ് കൂടുതല്‍ പേരും.
മിഡിലീസ്റ്റില്‍ ഈജിപ്തും യു.എ.ഇയുമാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഖത്തറിന് പിന്നിലുള്ളത്. ആഗോള വിനോദ സഞ്ചാരമേഖലയില്‍ കോവിഡിന്റെ കെടുതികള്‍ അവസാനിച്ചിട്ടില്ലെങ്കിലും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതാണ് ഖത്തറിന് അനുകൂല ഘടകമായത്.
Adjust Story Font
16