സ്വാതന്ത്ര്യദിന 75 ആം വാര്‍ഷികം: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഐസിസിയുടെ ഹ്രസ്വ വീഡിയോ മത്സരം
സ്വാതന്ത്ര്യസമര സേനാനിയായി വേഷമിട്ടുള്ള ഏകാംഗ അവതരണമാണ് വീഡിയോയില്‍ വേണ്ടത്
- Updated:
2021-08-05 13:27:08.0
സ്വാതന്ത്ര്യദിനത്തിന്‍റെ 75 ആം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ എംബസി അപ്പെക്സ് വിഭാഗമായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഷോര്‍ട്ട് വീഡിയോ മത്സരം നടത്തുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയെ അവതരിപ്പിക്കുന്ന വീഡിയോയാണ് മത്സരത്തിനായി ക്ഷണിക്കുന്നത്. ഏകാംഗ അവതരണമേ പാടുള്ളൂ. സംഭാഷണം ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമായിരിക്കണം. അനുയോജ്യമായ വേഷം, സംഭാഷണം, അഭിനയം എന്നിവ പരിഗണിച്ചാണ് മൂല്യ നിര്‍ണയം നടത്തുക. ഷൂട്ടിങ് ലൊക്കേഷന്‍ മത്സരാര്‍ത്ഥിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കാം. ഒരു മിനുട്ടില്‍ കുറയാത്തതും രണ്ട് മിനുട്ടില്‍ കൂടാത്തതുമായ വീഡിയോ ഓഗസ്റ്റ് പത്തിനകം സമര്‍പ്പിക്കണം. മത്സരാര്‍ത്ഥിയുടെ ഐഡി കോപ്പിയും വീഡിയോക്കൊപ്പം സമര്‍പ്പിക്കണം.
വിവിധ പ്രായക്കാരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. നാല് മുതല്‍ എട്ട് വയസ്സ് വരെ, ഒമ്പത് മുതല്‍ 12 വയസ്സ് വരെ, 13 മുതല്‍ 18 വയസ്സ് വരെ, 19 ന് മുകളില്‍ എന്നിങ്ങനെയാണ് നാല് ഗ്രൂപ്പുകള്‍. ഏറ്റവും നല്ല വീഡിയോക്ക് ഓഗസ്റ്റ് 15 ന് എംബസി അങ്കണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അംബാസഡര്‍ ഡോ ദീപക് മിത്തല്‍ സമ്മാനം നല്‍കും. വീഡിയോ അയക്കേണ്ട ഇ മെയില്‍ വിലാസം: iccqatar@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍. 55641025.
Adjust Story Font
16