ഖത്തറിൽ ഹിറ്റായി സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേള
പത്തു ദിവസം നീണ്ടുനിന്ന ഇന്ത്യൻ മാമ്പഴമേള ശനിയാഴ്ച സമാപിച്ചു
ദോഹ: സൂഖ് വാഖിഫിൽ ആദ്യമായാണ് ഇന്ത്യൻ മാമ്പഴങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് ഒരു വിപണന-പ്രദർശന മേളയൊരുക്കിയത്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളായ മാമ്പഴ പ്രേമികൾക്ക് പുറമെ, സ്വദേശികൾക്കും, വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്കും മാമ്പഴ വൈവിധ്യങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മേള സമാപിച്ചത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് നാട്ടിലെ മാമ്പഴക്കാലം ആസ്വദിക്കാനുള്ള അവസരം കൂടിയായിരുന്നു അൽഹംബ ഫെസ്റ്റിവൽ.
വൈവിധ്യമാർന്ന മാമ്പഴ രുചികൾ അറിയാനും വാങ്ങാനുമായി ഓരോ ദിനവും ആയിരങ്ങളാണ് മേളയിലെത്തിയത്. മേള അവസാനിച്ചപ്പോൾ പത്തു ദിനം കൊണ്ട് 1,26,000 ലധികം കിലോ മാമ്പഴങ്ങളാണ് വിറ്റഴിച്ചത്. ഖത്തറിലെ ഇന്ത്യൻ എംബസിയും അപെക്‌സ് സംഘടനയായ ഐ.ബി.പി.സിയും ചേർന്നാണ് സൂഖ് വാഖിഫിന്റെ സഹകരണത്തോടെ ഇന്ത്യൻ മാമ്പഴമേള സംഘടിപ്പിച്ചത്. 60ലേറെ കമ്പനികളാണ് നൂറിലേറെ ഔട്ട്‌ലെറ്റുകളിലായി മാമ്പഴ ഉത്സവം ഒരുക്കിയത്.
ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾ മേളയിൽ സജീവമായിരുന്നു. ഇന്ത്യയിൽ നിന്നും മാമ്പഴങ്ങളെത്തിക്കാൻ ഖത്തർ എയർവേസ് കാർഗോ പ്രത്യേക ഇളവുകളും നൽകിയിരുന്നു. സൂഖ് വാഖിഫിൽ ആദ്യമായൊരുക്കിയ മാമ്പഴമേള വലിയ ഹിറ്റായപ്പോൾ വരും വർഷങ്ങളിലും മികച്ച മാമ്പഴ മേളയെത്തുമെന്ന പ്രതീക്ഷയോടെയാണ് മാമ്പഴ ഉത്സവത്തിന് കൊടിയിറങ്ങിയത്.
Adjust Story Font
16