ഫലസ്തീൻ ജനതയ്ക്ക് വേണ്ടിയുള്ള ഉറച്ച നിലപാടിന് ഖത്തറിനെ പ്രശംസിച്ച് ജോർദാൻ രാജാവ്
റഫ അതിർത്തി വഴി ഗസ്സയിലെ വിദേശികളെ പുറത്തെത്തിക്കാൻ ഇടപെട്ട ഖത്തറിന് അമേരിക്ക നന്ദി പറഞ്ഞു
ദോഹ: ഖത്തറിലെത്തിയ ജോർദാൻ രാജാവുമായി ഖത്തർ അമീർ ചർച്ച നടത്തി. ഫലസ്തീൻ ജനതയ്ക്ക് വേണ്ടിയുള്ള ഉറച്ച നിലപാടിന് ജോർദാൻ രാജാവ് ഖത്തറിനെ പ്രശംസിച്ചു. റഫ അതിർത്തി വഴി ഗസ്സയിലെ വിദേശികളെ പുറത്തെത്തിക്കാൻ ഇടപെട്ട ഖത്തറിന് അമേരിക്കയും നന്ദി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് അബ്ദുള്ള രാജാവ് ഖത്തറിലെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി അദ്ദേഹം ചർച്ച നടത്തി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി അടിയുറച്ചുനിൽക്കുമെന്ന് കൂടിക്കാഴ്ചയിൽ ഖത്തർ വ്യക്തമാക്കി. 1967 ലെ അതിർത്തികൾ പ്രകാരമുള്ള ദ്വിരാഷ്ട്ര സമവായമാണ് ഏക പോംവഴി. ഫലസ്തീൻ ജനതയെയും അവരുടെ ഭൂമിയെയും വിശ്വാസ കേന്ദ്രങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള ആക്രമണങ്ങളെ അമീർ അപലപിച്ചു.
ഫലസ്തീനിനും അറബ് ലോകത്തിന് വേണ്ടിയുള്ള ഉറച്ച നിലപാടിനെ ജോർദൻ രാജാവ് പ്രശംസിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അടക്കമുള്ള ഉന്നതതല സംഘവും ചർച്ചയിൽ പങ്കെടുത്തു. അതേ സമയം ഗസ്സയിൽ നിന്നും വിദേശികളെ റഫ അതിർത്തി വഴി പുറത്തെത്തിക്കുന്നതിൽ ഖത്തർ നടത്തിയ നയതന്ത്ര ഇടപെടലുകളെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു
Adjust Story Font
16