ഖത്തറിന്റെ മാനത്ത് വിസ്മയങ്ങളൊരുക്കാൻ പട്ടങ്ങളുടെ ഉത്സവം; ജനുവരി 16ന് തുടക്കമാകും
16 ന് തുടങ്ങുന്ന പട്ടം പറത്തൽ മേള 18 വരെ സീലൈനിൽ തുടരും
ദോഹ: ഖത്തർ കൈറ്റ് ഫെസ്റ്റിവൽ ഈ മാസം 16ന് തുടങ്ങും. ലോകത്തിന്റെ 60 പട്ടം പറത്തൽ സംഘങ്ങളാണ് ഇത്തവണ ഖത്തറിന്റെ ആകാശത്ത് കൂറ്റൻ പട്ടങ്ങളുമായി വിസ്മയം തീർക്കാനെത്തുന്നത്. ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ പതിവിന് വിഭിന്നമായി ഇത്തവണ മൂന്ന് വേദികളിൽ ആസ്വദിക്കാം. സീലൈൻ സീസണിന്റെ ഭാഗമായി സീലൈനിലാണ് ഫെസ്റ്റിവലിന്റെ തുടക്കം. 16 ന് തുടങ്ങുന്ന പട്ടം പറത്തൽ മേള 18 വരെ സീലൈനിൽ തുടരും. 16, 17 തീയതികളിൽ ദോഹ മാരത്തണിന് നിറക്കാഴ്ചകളൊരുക്കി ഹോട്ടൽ പാർക്കും കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമാകും.
സ്ഥിരം വേദിയായ ദോഹ പോർട്ടിൽ 19 മുതൽ 25 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. സാംസ്‌കാരിക പരിപാടികൾ, വർക്ക് ഷോപ്പുകൾ, പ്രദർശനങ്ങൾ, കുട്ടികൾക്കായി വിവിധ പരിപാടികൾ തുടങ്ങിയവും കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ക്രൂയിസ് ടെർമിനലിന് മുന്നിലാണ് മേളയുടെ വേദി. തിരക്കേറിയ ക്രൂസ് സീസണിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വ്യത്യസ്തയാർന്ന വിനോദം കൂടി പകരുന്നതായിരിക്കും കൈറ്റ് ഫെസ്റ്റ്.
Adjust Story Font
16