Quantcast

ലോകകപ്പ് ഫുട്‌ബോൾ: ഗതാഗത സൗകര്യങ്ങളും പരിഷ്‌കാരങ്ങളും അറിയിച്ച് അധികൃതർ

ഖത്തറിലെ താമസക്കാർക്കും സ്വദേശികൾക്കും സ്വന്തം വാഹനം ഉപയോഗിക്കാമെന്നും ദോഹ മെട്രോ ദിവസവും 21 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ

MediaOne Logo

Web Desk

  • Published:

    12 Oct 2022 7:38 PM GMT

ലോകകപ്പ് ഫുട്‌ബോൾ: ഗതാഗത സൗകര്യങ്ങളും പരിഷ്‌കാരങ്ങളും അറിയിച്ച് അധികൃതർ
X

ദോഹ: ലോകകപ്പ് ഫുട്‌ബോൾ സമയത്തെ ഗതാഗത സൗകര്യങ്ങളും പരിഷ്‌കാരങ്ങളും വിശദമാക്കി പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി. ഖത്തറിലെ താമസക്കാർക്കും സ്വദേശികൾക്കും സ്വന്തം വാഹനം ഉപയോഗിക്കാമെന്നും ദോഹ മെട്രോ ദിവസവും 21 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ലോകകപ്പ് ഫുട്‌ബോൾ സമയത്ത് ആരാധകരുടെ യാത്ര എങ്ങനെയെന്നുള്ളതിന്റെ വിശദമായ രൂപരേഖയാണ് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. 10 ലക്ഷത്തിലേറെ ആരാധകർ കളികാണാൻ എത്തുമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ കുറ്റമറ്റതും വിപുലവുമായ ഗതാഗത സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൂർണമെന്റ് സമയത്ത് ഖത്തറിലെ താമസക്കാർക്കും സ്വദേശികൾക്കും സ്വന്തം വാഹനം ഉപയോഗിച്ച് സ്റ്റേഡിയങ്ങളിലേക്കും ഫാൻ സോണുകളിലേക്കും യാത്ര ചെയ്യാം. വിദേശ കാണികൾക്ക് മെട്രോ, ലോകകപ്പ് ബസുകൾ, മെട്രോ ലിങ്ക് ബസുകൾ, കർവ ടാക്‌സികൾ തുടങ്ങിയ പൊതുഗതാത സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം.

ദോഹയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് ബസ് സ്റ്റേഷനുകളിൽ നിന്ന് താമസ കേന്ദ്രങ്ങളിലേക്കും സ്റ്റേഡിയങ്ങളിലേക്കുമായി തുടർച്ചയായ ബസ് സർവീസുകളുണ്ടാകും. ദോഹ മെട്രോയിൽ ട്രെയിനുകളുടെ എണ്ണം 110 ആയി ഉയർത്തും. രണ്ടര മിനുട്ട് ഇടവിട്ട് മെട്രോ സർവീസുണ്ടാകും. രാവിലെ 6 മുതൽ പുലർച്ചെ 3 മണിവരെ മെട്രോയിൽ യാത്ര ചെയ്യാം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മണിക്കാണ് സർവീസ് തുടങ്ങുക.

സെൻട്രൽ ദോഹയിൽ നേരത്തെ പ്രഖ്യാപിച്ചത് പോലെ നമ്പർ പ്ലേറ്റ് അനുസരിച്ച് ഗതാഗത നിയന്ത്രണം ഉണ്ടാകും. കോർണിഷിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കോർണിഷിന് സമീപത്തുള്ള മെട്രോ സ്റ്റേഷനുകൾ ഉപയോഗിച്ച് കാർണിവൽ വേദിയിലേക്കെത്താം. ഇതോടൊപ്പം തന്നെ തുമാമ, ഖലീഫ, ലുസൈൽ, അൽജനൂബ് സ്റ്റേഡിയങ്ങൾക്ക് സമീപത്തെ ചെറു റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സുപ്രീംകമ്മിറ്റി, ഖത്തർ റെയിൽ, മുവാസലാത്ത്, ആഭ്യന്തരമന്ത്രാലയം, അഷ്ഗാൽ, ഗതാഗതമന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Local organizers Supreme Committee for Delivery and Legacy detail transport facilities and reforms during World Cup football

TAGS :

Next Story