ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാതെ പ്രവാസികൾ
വെബ്സൈറ്റ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ തുറക്കാനാകുന്നില്ല
ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പേര് ചേർക്കാനുള്ള വെബ്സൈറ്റ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ തുറക്കാനാകുന്നില്ല. ഇത് പേര് ചേര്‍ക്കുന്നതിനെ ബാധിക്കുന്നതായി പ്രവാസി സംഘടനാ നേതാക്കള്‍ പറയുന്നു.
വിദേശ രാജ്യങ്ങളിലിരുന്നു തന്നെ voters.eci.gov.in എന്ന ലിങ്ക് വഴി നേരത്തെ വോട്ടർപട്ടികയിൽ പ്രവാസി വോട്ടറായി പേര് ചേർക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു പിന്നാലെ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ കാമ്പയിനും സജീവമാകും. ഇത്തവണ ഈ വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്നില്ല.
2014, 2019 ലോക്സഭാ, 2016,2021 നിയമസഭാ തെരഞ്ഞെടുപ്പിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് വഴി ഗൾഫ് രാജ്യങ്ങളിൽനിന്നു തന്നെ പ്രവാസി വോട്ടുകൾ ചേർക്കാമായിരുന്നു. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷം, പ്രിന്റെടുക്കുന്ന 'ഫോം സിക്സ് എ' രേഖകൾ സഹിതം തങ്ങൾ താമസിക്കുന്ന ഇടങ്ങളിലെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറായ തഹസിൽദാർക്ക് സമർപ്പിച്ചായിരുന്നു വോട്ടർ പട്ടികയിൽ പേരുറപ്പിക്കൽ.
ഇത്തവണ കെ.എം.സി.സി, ഇൻകാസ് ഉൾപ്പെടെ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് ചേർക്കൽ കാമ്പയിന് തുടക്കം കുറിച്ചുവെങ്കിലും ലിങ്ക് ഓപൺ ആവുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെയാണ് പേര് ചേര്‍ക്കാന്‍ അവസരം. പുതിയ സാഹചര്യത്തിൽ നാട്ടിലെ പ്രവർത്തകരെയും മറ്റും ഉപയോഗിച്ച് തങ്ങളുടെ പേര് കൂടി വോട്ടർ പട്ടികയിൽ ചേർക്കാനുള്ള ശ്രമത്തിലാണ് പ്രവാസികൾ.
Adjust Story Font
16