മെന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഖത്തറിൽ നടക്കും
'ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഹൃദയത്തിൽ മാനവികതയെ കുടിയിരുത്തുക' എന്ന പ്രമേയവുമായാണ് ഉച്ചകോടി നടക്കുന്നത്
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തസാധ്യതകൾ ചർച്ച ചെയ്യുന്ന മെന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഖത്തറിൽ നടക്കും. ഡിസംബർ 10, 11 തീയതികളിൽ ഡിഇസിസിയിലാണ് ഉച്ചകോടി നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഹൃദയത്തിൽ മാനവികതയെ കുടിയിരുത്തുക എന്ന പ്രമേയവുമായാണ് മേഖലയിലെ ആദ്യ ആഗോള എഐ ഉച്ചകോടി ഖത്തറിൽ നടക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പേർ ഉച്ചകോടിയുടെ ഭാഗമാകും. വിവിധ സെഷനുകളിലായി നൂറിലേറെ വിദഗ്ധർ സംസാരിക്കും. മനുഷ്യനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിലുള്ള ഇടപെടൽ, എ.ഐ അധിഷ്ഠിത നവീകരണം. ഉത്തരവാദിത്തോടെയുള്ള എ.ഐ ഉപയോഗം എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയങ്ങൾ. സ്റ്റാർട്ടപ്പുകൾക്കും ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഉച്ചകോടി പുതിയ ഉൾക്കാഴ്ചകൾ നൽകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയും വെല്ലുവിളികളും മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക രാജ്യങ്ങളുടെ വളർച്ചയിൽ എ.ഐയുടെ പങ്ക് എന്നിവയും ഉച്ചകോടിയിലെ ചർച്ചാ വിഷയങ്ങളാണ്. ഖത്തറിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജിയും ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും.
Adjust Story Font
16