നീറ്റ് പരീക്ഷ: ഖത്തറിൽ റെക്കോർഡ് രജിസ്‌ട്രേഷൻ
ഖത്തറിലെ ഏക കേന്ദ്രമായ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ 591 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്
ദോഹ: നീറ്റ് പരീക്ഷയ്ക്ക് ഇത്തവണ ഖത്തറിൽ റെക്കോർഡ് രജിസ്‌ട്രേഷൻ. നാളെ നടക്കുന്ന പരീക്ഷയിൽ രാജ്യത്തെ ഏക കേന്ദ്രമായ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ 591 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമെല്ലാം നാളെ ഒരേസമയമാണ് പരീക്ഷ നടക്കുന്നത്.
ഖത്തർ സമയം ഉച്ച 11.30 മുതൽ 2.50 വരെ മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷ നടക്കുക. എന്നാൽ, രാവിലെ 8.30 മുതൽ സെൻററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കും. 11 മണിക്കുശേഷം വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കില്ല. എം.ഇ.എസ് സ്‌കൂളിലെ അഞ്ചാം നമ്പർ ഗേറ്റ് വഴി രാവിലെ 8.30ന് തന്നെ പ്രവേശനം അനുവദിക്കും. എല്ലാതയ്യാറെടുപ്പുകളും പൂർത്തിയായതായി പരീക്ഷാ കൺട്രി സൂപ്രണ്ടും എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലുമായ ഡോ. ഹമീദ ഖാദർ പറഞ്ഞു.
തുടർച്ചയായി മൂന്നാം വർഷമാണ് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഖത്തറിൽ 'നീറ്റ്' കേന്ദ്രം അനുവദിക്കുന്നത്. നേരത്തെ നാട്ടിലെത്തി പരീക്ഷയെഴുതിയിരുന്ന ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് ഏറെ ആശ്വാസം പകർന്ന് 2022ലാണ് ഇവിടെ നീറ്റ് കേന്ദ്രം അനുവദിക്കുന്നത്. ആദ്യ വർഷം, 340ഉം, രണ്ടാം വർഷം 430ഉം പേരാണ് പരീക്ഷയെഴുതിയത്. ഇത്തവണ, ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലെ നീറ്റ് കേന്ദ്രങ്ങൾ എൻ.ടി.എ റദ്ദാക്കിയെങ്കിലും സമ്മർദങ്ങൾക്കൊടുവിൽ വീണ്ടും അനുവദിക്കുകയായിരുന്നു.
Adjust Story Font
16