ഓൾഡ് ദോഹ പോർട്ട് പൂർണ സജ്ജം; പ്രഥമ ഖത്തർ ബോട്ട് ഷോയ്ക്ക് നാളെ തുടക്കമാകും
ദിവസവും വൈകിട്ട് മൂന്ന് മുതൽ ബോട്ട് ഷോയിലെ കാഴ്ചകൾ ആസ്വദിക്കാം
ദോഹ: പ്രഥമ ഖത്തർ ബോട്ട് ഷോയ്ക്ക് നാളെ ഓൾഡ് ദോഹ പോർട്ടിൽ തുടക്കമാകും. ജലഗതാഗത മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആഢംബര കാഴ്ചകളുമാണ് ഷോയിൽ ഒരുക്കിയിരിക്കുന്നത്. 350 ലേറെ ബ്രാൻഡുകളുടെ അത്യാധുനിക ബോട്ടുകളും യോട്ടുകളും ഖത്തർ ബോട്ട് ഷോയിൽ പ്രദർശിപ്പിക്കും. വാട്ടർ സ്‌പോർട്‌സും മീൻ പിടിത്ത ഉപകരണങ്ങളുമാണ് മറ്റൊരു ആകർഷണം. സന്ദർശകർ വിവിധതരത്തിലുള്ള വാട്ടർ സ്‌പോർട്‌സ് ഉപകരണങ്ങളുടെ ഡെമൊൺസ്‌ട്രേഷൻ ആസ്വദിക്കാം. ഈ മേഖലയിൽ നിന്നുള്ള നൂറിലേറെ ബ്രാൻഡുകളാണ് എത്തുന്നത്.
കൂടാതെ ഡാൻസിങ് വാട്ടർ ഫൌണ്ടൈൻ, വെടിക്കെട്ട് തുടങ്ങിയവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സംഗീത പരിപാടികൾ, കാർ പരേഡ്, ഡ്രാഗൺ ബോട്ട് ഷോ എന്നിവയും ബോട്ട് ഷോയുടെ ഭാഗമാണ്. ടിക്കറ്റ് മുഖേനയാണ് പ്രവേശനം. ദിവസവും വൈകിട്ട് മൂന്ന് മുതൽ ബോട്ട് ഷോയിലെ കാഴ്ചകൾ ആസ്വദിക്കാം. നാളെയും സമാപന ദിവസവും രാത്രി എട്ട് വരെയും മറ്റുദിവസങ്ങളിൽ 9 വരെയുമാണ് ബോട്ട് ഷോ നടക്കുക. നാല് ദിവസത്തേക്കുള്ള ടിക്കറ്റിന് 90 റിയാലും പ്രതിദിന ടിക്കറ്റിന് 30 റിയാലുമാണ് നിരക്ക്. 12 വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
Adjust Story Font
16