ലോകകപ്പ് ഫൈനൽ വേദി ലുസൈൽ സ്റ്റേഡിയം ഉണരുന്നു; സെപ്റ്റംബറിൽ കളിയും സംഗീതവിരുന്നും
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോൾ സ്റ്റേഡിയമാണ് ലുസൈൽ ഐക്കൊണിക് സ്റ്റേഡിയം
ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ഫൈനലിന് വേദിയാകുന്ന ലുസൈൽ സ്റ്റേഡിയത്തിൽ കളിയും സംഗീത നിശയും ഒരുക്കുന്നു. സെപ്തംബർ ഒമ്പതിനാണ് ലുസൈൽ സൂപ്പർ കപ്പും സംഗീത നിശയും സ്റ്റേഡിയത്തെ ശബ്ദമുഖരിതമാക്കുക.
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോൾ സ്റ്റേഡിയമാണ് ലുസൈൽ ഐക്കൊണിക് സ്റ്റേഡിയം. ഖത്തർ ലോകകപ്പിന്റെ ഫൈനലടക്കം പ്രധാനമത്സരങ്ങൾ നടക്കുന്ന വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല.
ഈ മാസം 11ന് ഖത്തർ സ്റ്റാർസ് ലീഗ് മത്സരം ഇവിടെയാണ് നടക്കുന്നത്. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ ഒമ്പതിന് ലുസൈൽ സൂപ്പർ കപ്പും സംഗീത നിശയും സംഘടിപ്പിക്കുക. സൗദി പ്രൊ ലീഗ് ചാമ്പ്യൻമാരായ അൽഹിലാലും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലാണ് ലുസൈൽ കപ്പിൽ മത്സരിക്കുന്നത്.
തുടർന്ന് പ്രശസ്ത ഗായകന്റെ സംഗീതനിശയും അരങ്ങേറുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. എന്നാൽ സംഗീതജ്ഞൻ ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടിക്കറ്റ് വിവരങ്ങളും വരുംദിവസങ്ങളിൽ പുറത്തുവിടും. നവംബർ 22ന് അർജന്റീന-സൗദി അറേബ്യ മത്സരത്തോടെയാണ് ലുസൈൽ സ്റ്റേഡിയത്തിലെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ബ്രസീലിന്റെ ആദ്യ മത്സരവും ഇവിടെയാണ്.
Adjust Story Font
16