പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഹസൻ ചൗഗ്ലെ അന്തരിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഹസൻ ചൗഗ്ലെ അന്തരിച്ചു. 74 വയസായിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലായിരുന്നു അന്ത്യം. 1977ൽ ഖത്തറിൽ പ്രവാസിയായെത്തി ബിസിനസുകാരനും സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായി പ്രവാസി ഇന്ത്യക്കാർക്കിടയിൽ നിറ സാന്നിധ്യമായിരുന്നു. ഒരു വർഷം മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യൻ എംബസി അപെക്‌സ് സംഘടനകളായ ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ നെറ്റ്വർക്ക് എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു.
പ്രമുഖ ഇന്ത്യൻ സ്‌കൂളായ ഡി.പി.എസ് എം.ഐ.എസ്, സാവിത്രി ഫൂലെ യൂണിവേഴ്‌സിറ്റി ഖത്തർ ക്യാമ്പസ് എന്നിവ സ്ഥാപിക്കുന്നതിൽ നിർണായക സാന്നിധ്യമായി. 2012ൽ ജയ്പൂരിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ രാഷ്ട്രപതി പ്രതിഭ പാട്ടീലിൽ നിന്നും സാമൂഹ്യ പ്രവർത്തന രംഗത്തെ മികവിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ഏറ്റുവാങ്ങി. 2011, 12, 13 വർഷങ്ങളിലെ 100 ശക്തരായ ഇന്ത്യൻ ബിസിനസുകാരിൽ ഒരാളായി അറേബ്യൻ ബിസിനസ് തെരഞ്ഞെടുത്തിരുന്നു. സുഹൃത്ത് ജി.എം.ഡി ഖാതിബിനോടൊപ്പം ഇമാദ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം ആരംഭിച്ച ചൗഗ്ലെ പിന്നീട് ഖാതിബ് നാട്ടിലേക്ക് മടങ്ങിയതോടെ സ്ഥാപനം ഒറ്റക്ക് നടത്തുകയായിരുന്നു. തുടർന്ന് തന്റെ മികവിലൂടെ ട്രേഡിംഗ്, ഫൈബർ ഗ്ലാസ്, വിദ്യാഭ്യാസം, മെഡിക്കൽ സപ്ലൈസ്, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് എന്നിവയിലേക്കും കടന്നു. ഖത്തറിന് പുറമേ ഇന്ത്യയിലും ബിസിനസുകൾ ആരംഭിച്ചു. സാമൂഹിക പ്രവർത്തന മികവിന് നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി. സംരംഭകയായ കൗസർ ഹസ്സൻ ചൗഗ്ലെയാണ് ഭാര്യ.
Adjust Story Font
16