സമാധാന ചർച്ചകൾ ഏറെ പ്രതിസന്ധി നിറഞ്ഞത്; ഗസ്സയിൽ എത്ര ബന്ദികളുണ്ട് എന്നതിൽ വ്യക്തതയില്ല: ഖത്തർ
നിലവിൽ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന, സൈനികരുടെ കാര്യത്തിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു
ദോഹ: ഗസ്സയിലെ സമാധാന ചർച്ചകൾ ഏറെ പ്രതിസന്ധികൾ നിറഞ്ഞതെന്ന് ഖത്തർ. ഇസ്രായേലിനെ അനുരഞ്ജനത്തിന്റെ പാതയിലേക്ക് നയിക്കലായിരുന്നു ഏറ്റവും പ്രയാസകരമായ കാര്യം. ഗസ്സയിൽ എത്ര ബന്ദികളുണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു
നേരത്തെയുണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകൾ പ്രകാരം തന്നെയാണ് വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്. അതേസമയം ആകെ എത്ര ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളതെന്ന് വ്യക്തമല്ല. മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണത്തിൽ മാത്രമാണ് ഖത്തറിന് വിവരമുള്ളതെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. ഇരുപക്ഷത്തിനും അവരുടേതായ ആവശ്യങ്ങളും പരിഗണനകളുമുണ്ട്. അതിനാൽ തന്നെ ചർച്ചകൾ കടുപ്പമേറിയതായിരുന്നു. ഇസ്രായേലിനെ അനുരഞ്ജിപ്പിക്കലായിരുന്നു ഏറെ പ്രയാസകരം. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ചെറിയ രീതിയിലുള്ള ആക്രമണങ്ങൾ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കരാറിനെ ബാധിക്കില്ലെന്നും മാജിദ് അൽ അൻസാരി പറഞ്ഞു.
നിലവിൽ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന, സൈനികരുടെ കാര്യത്തിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല. വെടിനിർത്തൽ ദീർഘിപ്പിക്കണമെങ്കിൽ ഹമാസ് ദിവസവും 10 ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകണം. ഗസ്സയിൽ ബന്ദി കൈമാറ്റവും ബന്ദികളെ എത്തിക്കലും ഏറെ പ്രയാസം നിറഞ്ഞതാണെന്നും മാജിദ് അൽ അൻസാരി പറഞ്ഞു
Adjust Story Font
16