ഖത്തര്‍ അമീര്‍ സൌദിയില്‍, റിയാദ് ഗ്രീന്‍ ഇനീഷ്യേറ്റീവ് സമ്മേളനത്തില്‍ പങ്കെടുക്കും
പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ഉച്ചകോടിയില്‍ അറബ് മേഖലയിലെയുള്‍പ്പെടെ 20 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും
- Updated:
2021-10-25 14:01:32.0
സൌദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മധ്യേഷ്യന്‍ പരിസ്ഥിതി സൌഹൃദ പങ്കാളിത്ത ഉച്ചകോടി ഇന്ന് റിയാദില്‍ നടക്കും. അറബ് മേഖലയിലെതുള്‍പ്പെടെ 20 രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ഉച്ചകോടിയുടെ പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം, ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണം തുടങ്ങിയവയില്‍ ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അറബ് മേഖലയുടെ ശക്തവും ഫലപ്രദവുമായ സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് ഉച്ചകോടി. അറബ് മേഖലയില്‍ 50 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ആഗോള തലത്തില്‍ 10 ശതമാനത്തിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും റിയാദ് ഗ്രീന്‍ ഇനീഷ്യേറ്റീവ് പ്രഥമഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നു. ഗ്രീന്‍ സൌദി ഇനീഷ്യേറ്റീവ് ഫോറവും ഇതോടനുബന്ധമായി നടക്കും. പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മറികടക്കുന്നതിനും പ്രാദേശിക അന്തർദ്ദേശീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രണ്ട് സംരംഭങ്ങളും ആവിഷ്കരിച്ചിരിക്കുന്നത്.
മേഖലയിലെ രാഷ്ട്രത്തലവന്മാര്‍ക്ക് പുറമെ പ്രധാന കമ്പനികളുടെ സിഇഒമാർ, മറ്റ് നിരവധി അന്താരാഷ്ട്ര സംഘടനകളുടെ തലവൻമാർ, വിദ്യാഭ്യാസ വിചക്ഷണര്‍, പരിസ്ഥിതി മേഖലയിലെ വിദഗ്ദ്ധർ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കും
സമ്മേളനത്തില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി റിയാദിലേക്ക് തിരിച്ചു. ഉന്നത നേതാക്കളടക്കമുള്ള ഔദ്യോഗിക പ്രതിനിധി സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്. പരിസ്ഥിതി സൌഹൃദ ലോകകപ്പ് എന്ന ആശയമുള്‍പ്പെടെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വിവിധ പദ്ധതികളാണ് നലവില്‍ ഖത്തര‍് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ രാജ്യത്തൊട്ടാകെ ഒരു മില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കാമ്പയിനും പുരോഗമിക്കുകയാണ്.
Adjust Story Font
16