ചൈനയിൽ നിർമിച്ച രണ്ട് എൽ.എൻ.ജി കപ്പലുകൾ ഖത്തർ എനർജി ഉദ്ഘാടനം ചെയ്തു
റെക്‌സ് ടില്ലേഴ്‌സൺ, ഉമ്മു ഗുവൈലിന എന്നീ പേരുകളിലാണ് എൽ.എൻ.ജി വാഹക കപ്പലുകൾ പുറത്തിറങ്ങുന്നത്
ദോഹ: ചൈനയിൽ നിർമിച്ച രണ്ട് എൽ.എൻ.ജി കപ്പലുകൾ ഖത്തർ എനർജി ഉദ്ഘാടനം ചെയ്തു. റെക്‌സ് ടില്ലേഴ്‌സൺ, ഉമ്മു ഗുവൈലിന എന്നീ പേരുകളിലാണ് എൽ.എൻ.ജി വാഹക കപ്പലുകൾ പുറത്തിറങ്ങുന്നത്. ചൈനീസ് കപ്പൽ നിർമാണ കമ്പനിയായ ഹുഡോങ് ഴോങ്ഹുവയാമ് ആണ് കപ്പൽ നിർമിച്ചു കൈമാറിയത്.
ആകെ 12 കപ്പലുകൾ നിർമിക്കാനാണ് കരാറുണ്ടായിരുന്നത് ഇതിൽ ആദ്യ ബാച്ചാണ് ഇപ്പോൾ ഖത്തർ എനർജിക്ക് ലഭ്യമായത്. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും എക്‌സോൺ മൊബിൽ മുൻ ചെയർമാനുമായ റെക്‌സ് വെയ്ൻ ടില്ലേഴ്‌സണിന്റെ പേരിലാണ് ഒരുകപ്പൽ. ഊർജ മേഖലയിൽ അന്താരാഷ്ട്ര തലത്തിലെ സേവനങ്ങൾക്കുള്ള അംഗീകാരം കൂടിയായാണ് തങ്ങളുടെ പുതിയ എൽ.എൻ.ജി കപ്പലിന് ഖത്തർ എനർജി ടില്ലേഴ്‌സണിന്റെ പേര് നൽകുന്നത്.
ഖത്തറിലെ പ്രധാന സ്ഥലമായ ഉമ്മു ഗുവൈലിനയുടെ പേരിലാണ് രണ്ടാമത്തെ കപ്പൽ അറിയപ്പെടുക. ഷാങ്ഹായിലെ ഷിപ്‌യാഡിൽ നടന്ന ചടങ്ങിൽ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി, ചൈന ഷിപ്പ് ബിൽഡിങ് കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജിയ ഹൈയിങ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം ആറ് കപ്പലുകളുടെ കൂടി നിർമാണത്തിന് ഖത്തർ എനർജി ചൈനീസ് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.
Adjust Story Font
16