നടപ്പുവര്‍ഷം മൂന്നാം പാദത്തില്‍ ഖത്തര്‍ മിച്ച ബജറ്റ് കൈവരിച്ചതായി ധനകാര്യമന്ത്രാലയം
രാജ്യത്തിന്‍റെ പൊതുകടം ഉയര്‍ന്നതായും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
നടപ്പുവര്‍ഷം മൂന്നാം പാദത്തില്‍ ഖത്തര്‍ മിച്ചബജറ്റ് കൈവരിച്ചതായി ധനകാര്യമന്ത്രാലയം. എന്നാല്‍ എണ്ണേതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞു. രാജ്യത്തിന്‍റെ പൊതുകടം ഉയര്‍ന്നതായും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
2021 മൂന്നാം പാദത്തിലെ വരവ് ചിലവ് സംബന്ധിച്ച ബജറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 0.9 ബില്യണ്‍ റിയാലിന്‍റെ മിച്ചമാണ് ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഖത്തര്‍ സമ്പദ് രംഗം കൈവരിച്ചത്. 47 ബില്യണ്‍ റിയാലിന്‍റെ മൊത്ത വരുമാനമാണ് മൂന്നാം പാദത്തിലുണ്ടായത്. ഉയര്‍ന്ന എണ്ണവിലയാണ് വരുമാനവര്‍ധനവിന്‍റെ പ്രധാന കാരണം. 46.1 ബില്യണ്‍ റിയാലാണ് ഈ പാദത്തിലെ മൊത്തം ചിലവ്.
രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും ചിലവിലും കുറവാണുണ്ടായത്. എണ്ണേതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിലും മൂന്നാം പാദം കുറവ് രേഖപ്പെടുത്തി. മൊത്തം 2.9 ബില്യണ്‍ റിയാലിന്‍റെ പുതിയ വികസന പദ്ധതികളാണ് മൂന്നാം പാദത്തില്‍ അംഗീകരിച്ചത്. അടിസ്ഥാന സൌകര്യങ്ങള്‍ റോഡ് നിര്‍മ്മാണം എന്നിവയ്ക്കായി 2.26 ബില്യണ്‍ റിയാല്‍ ചിലവഴിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 166.9 മില്യണ്‍, പാര്‍ക്കുകളും ഹരിതാഭമേഖലകളും നിര്‍മ്മിക്കുന്നതിനും 1.71 മില്യണ്‍ റിയാലും ചിലവഴിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതി, പഴയ തുറമുഖ നവീകരണം, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാം സര്‍വീസ് തുടങ്ങി പദ്ധതികളാണ് ഈ വര്‍ഷം ഇനി പൂര്‍ത്തിയാകാനുള്ളത്. 2022 ലോകകപ്പിനുള്ള സ്റ്റേഡിയം നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായി.
അതെ സമയം രാജ്യത്തിന്‍റെ പൊതുകടം 3.3 ശതമാനമായി ഉയര്‍ന്നതായും മൂന്നാം പാദ ബജറ്റ് വ്യക്തമാക്കുന്നു. മൊത്തം 383 ബില്യണ്‍ ഖത്തര്‍ റിയാലാണ് രാജ്യത്തിന്‍റെ കടം. ആഭ്യന്തരവും പുറത്തുള്ളതുമായ കടങ്ങളില്‍ പ്രധാനമായും ബോണ്ടുകളും ലോണുകളുമാണ്.
Adjust Story Font
16