അമേരിക്കയേയും പിന്തള്ളി ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതി രാജ്യമായി ഖത്തർ
എൽ.എൻ.ജി കയറ്റുമതി അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതോടെ കഴിഞ്ഞ ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) കയറ്റുമതി രാജ്യമായി മാറി ഖത്തർ. അമേരിക്കയേയാണ് ഈ നേട്ടത്തോടെ ഖത്തർ മറികടന്നിരിക്കുന്നത്.
കാംകോ ഇൻവെസ്റ്റിന്റെ അഭിപ്രായത്തിൽ, ഖത്തറിന്റെ മൊത്തം എൽ.എൻ.ജി കയറ്റുമതി 2021 ഏപ്രിലിൽ 5.8 ബില്യൺ ഡോളറായിരുന്നത്, 2022 ഏപ്രിലിൽ 11.9 ബില്യൺ ഡോളറായാണ് ഉയർന്നിരിക്കുന്നത്.
ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ കാലയളവിൽ മൊത്തം പ്രകൃതി വാതക ആവശ്യകതയുടെ 50% വരെ ഖത്തറിൽനിന്നാണ് ലഭ്യമായത്. 2021നും 2025നുമിടയിൽ ആഗോള തലത്തിൽ ആവശ്യമായ പ്രകൃതി വാതകത്തിന്റെ 60% ഇവിടെ നിന്നായിരിക്കുമെന്നാണ് പ്രവചനം.
യൂറോപ്യൻ യൂണിയനാണ് ഖത്തറിൽനിന്ന് കൂടുതൽ എൽ.എൻ.ജി ഇറക്കുമതിക്കായി ശ്രമിക്കുന്നത്. 2021ൽ, യൂറോപ്യൻ യൂണിയൻ 24% ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്തപ്പോൾ റഷ്യയിൽനിന്ന് 20% മാത്രമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. അതേ സമയം ഇക്കാര്യത്തിൽ അമേരിക്ക ഖത്തറിനേക്കാൾ 2% മാത്രമാണ് മുന്നിലായിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അമേരിക്കയിൽനിന്ന് 26% എൽ.എൻ.ജിയാണ് ഇക്കാലയളവിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്.
Adjust Story Font
16