ഇൻകാസ് ഖത്തറിൽ ഐസിസി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധം: സെൻട്രൽ കമ്മിറ്റി
ഇൻകാസ് ഖത്തറിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന വിമതരുടെ കളിപ്പാവയാകരുത് ഐസിസി പ്രസിഡന്റെന്നും സമീർ ഏറാമലയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻകാസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു
ഇൻകാസ് ഖത്തറിൽ ഐസിസി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി. ഏത് വകുപ്പ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പെന്ന് ഐസിസി പ്രസിഡന്റ് വ്യക്തമാക്കണം. വിമതരുമായി ചേർന്ന് ഐസിസി പ്രസിഡന്റ് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും ഇൻകാസ് ആരോപിച്ചു.
കോൺഗ്രസ് പ്രവാസി സംഘടനയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഐസിസി പ്രസിഡന്റിന് അധികാരമില്ലെന്നാണ് ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ വാദം. അഫിലിയേറ്റ് ചെയ്ത സംഘടന എന്ന നിലയിൽ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അഫിലിയേഷൻ മരവിപ്പിക്കാം. അല്ലാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഐസിസി നിയമാവലിയിലെ ഏത് വകുപ്പ് പ്രകാരമാണെന്ന് ഐസിസി പ്രസിഡന്റ് പിഎൻ ബാബുരാജൻ വ്യക്തമാക്കണമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വർഷങ്ങളായി തെരഞ്ഞെടുപ്പ് നടത്താത്ത അഫിലിയേറ്റ് ചെയ്ത എത്ര സംഘടനകളിൽ ഐസിസി തെരഞ്ഞെടുപ്പ് നടത്തിയെന്ന് വ്യക്തമാക്കണം. സംഘടനയെ അറിയിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരൂഹമാണ്. ഇൻകാസ് ഖത്തറിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന വിമതരുടെ കളിപ്പാവയാകരുത് ഐസിസി പ്രസിഡന്റെന്നും സമീർ ഏറാമലയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻകാസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Adjust Story Font
16