വിവിധ സർട്ടിഫിക്കറ്റുകളുടെ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം നടപ്പാക്കി ഖത്തർ
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഇ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗകര്യം ലഭ്യമാക്കുന്നത്
ദോഹ: വിവിധ മേഖലകളിലെ സർട്ടിഫിക്കറ്റുകളുടെ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം നടപ്പാക്കി ഖത്തർ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഇ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗകര്യം ലഭ്യമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയമോ സർക്കാർ സ്‌കൂളുകളോ നൽകുന്ന വിദ്യഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് മന്ത്രാലയം ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇ അറ്റസ്റ്റേഷന് സേവനം നൽകുന്നത്.
ഗവൺമെൻറ് സർവീസ് സെൻററുകളും ഡിേപ്ലാമാറ്റിക് മേഖലകളിലെ മന്ത്രാലയം ഓഫീസുകളും സന്ദർശിക്കാതെ തന്നെ പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓൺലൈൻ വഴി നൽകുന്ന അപേക്ഷക്ക് ഉടൻ തന്നെ അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ ഇതുവഴി സാധ്യമാകും. ഒപ്പം 24 മണിക്കൂറും സേവനം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റിൽ നാഷണൽ ഓതൻറികേഷൻ സിസ്റ്റം വഴി ലോഗ് ഇൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഖത്തർ പോസ്റ്റ് വഴി തപാൽ മാർഗമോ, അല്ലാതെയോ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷാർത്ഥിക്ക് വാങ്ങാം.
Adjust Story Font
16