റമദാനിനെ വരവേൽക്കാനൊരുങ്ങി ഖത്തർ
റമദാന്റെ ഭാഗമായി സെമിനാറുകൾ, പ്രഭാഷണങ്ങൾ, മത്സരങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തോളം പരിപാടികൾ സംഘടിപ്പിക്കും

ദോഹ: റമദാനിനെ വരവേൽക്കാനൊരുങ്ങി ഖത്തർ. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്രതദിനങ്ങളിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പള്ളികളും ഇഫ്താർ ടെന്റുകളും ഉൾപ്പെടെ സജ്ജമായി കഴിഞ്ഞതായി ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു.
റമദാനിന്റെ രാവും പകലും പ്രാര്‍ഥനാനിര്‍ഭരമാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,385 പള്ളികളിൽ സൗകര്യമുണ്ട്. നോമ്പു തുറ സൗകര്യങ്ങൾക്കുള്ള 24 ഇഫ്താർ ടെന്റുകൾക്ക് ഔഖാഫ് നേതൃത്വം നൽകും. റമദാനില്‍ ഏറെ സവിശേഷമായ ഇഅ്തികാഫ് ഇരിക്കുന്നതിന് 200 ഓളം പള്ളികളിൽ സൗകര്യമൊരുക്കിയതായും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റമദാന്റെ ഭാഗമായി സെമിനാറുകൾ, പ്രഭാഷണങ്ങൾ, മത്സരങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തോളം പരിപാടികൾ സംഘടിപ്പിക്കുമെന്നും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റമദാനിന് മുന്നോടിയായി 15 പുതിയ പള്ളികൾ തുറന്നു. റമദാനിൽ 10 പുതിയ പള്ളികൾ തുറക്കും. 170 ദശലക്ഷം റിയാൽ സകാത്ത് ശേഖരിക്കുമെന്ന് സകാത്ത് കാര്യ വകുപ്പ് ഡയറക്ടർ മാൽ അല്ലാഹ് അബ്ദുൾറഹ്മാൻ അൽ ജാബർ പറഞ്ഞു. സകാത്തും സകാത്തുൽ ഫിത്തറും നൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും യോഗ്യരായ ആളുകൾക്ക് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികൾ നടപ്പിലാക്കാൻ വകുപ്പ് നടപടി സ്വീകരിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
Adjust Story Font
16