Quantcast

2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചിക; അറബ് ലോകത്ത് ഒന്നാമത് ഖത്തര്‍

ആഗോളതലത്തില്‍ 24ാം സ്ഥാനമാണ് ഖത്തര്‍ നേടിയത്

MediaOne Logo

Web Desk

  • Published:

    27 Jan 2022 2:27 PM GMT

2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചിക; അറബ് ലോകത്ത് ഒന്നാമത് ഖത്തര്‍
X

ദോഹ: 2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. എക്കണോമിസ്റ്റ് ഇന്റലിജന്‍സ് റിസര്‍ച്ച് യൂണിറ്റ്(ജിഎഫ്എസ്‌ഐ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ ഈ നേട്ടം. ആഗോളതലത്തില്‍ 24ാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്.

2020ല്‍ 113 രാജ്യങ്ങള്‍ക്കിടയില്‍ 37ാം സ്ഥാനത്തെത്തിയ ഖത്തര്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 2021ല്‍ 24ാം സ്ഥാനത്തെത്തിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയരക്ടര്‍ ഡോ. മസൂദ് ജറല്ല അല്‍ മാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭക്ഷ്യ-കാര്‍ഷിക നയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിപണി നവീകരണം, തുറമുഖങ്ങള്‍, സംഭരണം എന്നിവയില്‍ ഖത്തര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ഭക്ഷണവും പോഷകാഹാരങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷാ ഗവേഷണ മേഖലയ്ക്ക് പ്രത്യേക ഫണ്ട് തന്നെ വകയിരുത്തിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷ മുന്‍നിര്‍ത്തി ബഹൃത് പദ്ധതികളാണ് രാജ്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിനായി ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട് വഴി കാര്‍ഷിക ഗവേഷണത്തിനുള്ള പൊതുചെലവുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.



വിതരണ ശൃംഖലയിലെ ഭക്ഷ്യനഷ്ടവും മാലിന്യവും കുറയ്ക്കുക, ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തുക, നിര്‍ണായക വേനല്‍ മാസങ്ങളെ നേരിടാന്‍ വര്‍ഷം മുഴുവനും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതിക്ക് അനുയോജ്യമായ ഉല്‍പ്പാദന രീതികള്‍ സ്വീകരിക്കുക, ഭക്ഷ്യ സുരക്ഷയിലും ഗുണനിലവാരത്തിലും ആഗോളതലത്തില്‍ മികച്ച സമ്പ്രദായങ്ങള്‍ കൈവരിക്കുക തുടങ്ങിയവയിലും മന്ത്രാലയം കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്.

പ്രാദേശിക ഭക്ഷ്യ ഉല്‍പ്പാദനത്തിലൂടെയും ഭക്ഷ്യ സംസ്‌കരണത്തിലൂടെയും സാമ്പത്തിക ലാഭം കൈവരിക്കുന്നതിനും അതിലൂടെ ഈ മേഖലയിലേക്ക് ഉല്‍പ്പാദകരെ ആകര്‍ഷിക്കുന്നതിനുമായി ധനസഹായവും നല്‍കിവരുന്നുണ്ട്.

നൂതനാശയങ്ങളുടേയും ആധുനിക സാങ്കേതിക വിദ്യയുടേയും പിന്‍ബലത്തില്‍ ലഭ്യമായ വിഭവങ്ങള്‍ നന്നായി വിനിയോഗിച്ച് ഭക്ഷ്യ-കാര്‍ഷിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഖത്തര്‍ എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story