ജീവിത നിലവാര സൂചികയിൽ ഖത്തറിന് ഒമ്പതാം സ്ഥാനം
വിവിധ ജീവിത നിലവാര സൂചികകളെ അടിസ്ഥാനമാക്കി ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ നംബയോയാണ് പട്ടിക തയ്യാറാക്കിയത്
ദോഹ: ജീവിത നിലവാര സൂചികയിൽ ഖത്തറിന് വൻ മുന്നേറ്റം. ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ നംബയോ തയ്യാറാക്കിയ പട്ടികയിൽ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഖത്തർ ആദ്യ പത്തിൽ ഇടംപിടിച്ചു. ഏഷ്യയിൽ ഖത്തർ രണ്ടാം സ്ഥാനത്താണ്. വിവിധ ജീവിത നിലവാര സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബയോ പട്ടിക തയ്യാറാക്കിയത്. 193.3 പോയിന്റ് സ്വന്തമാക്കിയാണ് ഖത്തർ 9ാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 165.9 പോയിന്റുമായി 18ാം സ്ഥാനത്താണുണ്ടായിരുന്നത്.
പർച്ചേസിങ് പവർ, മലിനീകരണം, താമസച്ചെലവ്, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യമേഖലയുടെ ഗുണനിലവാരം, കാലാവസ്ഥ, യാത്രാ സൗകര്യം തുടങ്ങിയവയാണ് നംബയോ ജീവിത നിലവാര സൂചികയിലെ പ്രധാന മാനദണ്ഡങ്ങൾ. ലക്‌സംബർഗാണ് പട്ടികയിൽ ഒന്നാമത്. നെതർലാൻറ്‌സ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.ഏഷ്യയിൽ ഒമാൻ മാത്രമാണ് ഖത്തറിന് മുന്നറിലുള്ളത്. കഴിഞ്ഞ തവണ ആദ്യ പത്തിലുണ്ടായിരുന്ന ജപ്പാൻ 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം, അമേരിക്ക, ബ്രിട്ടൺ ഫ്രാൻസ്, കാനഡ, ഇറ്റലി, അയർലൻഡ്. സ്‌പെയിൻ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടിക പ്രകാരം ജീവിത നിലവാരത്തിൽ ഖത്തറിനേക്കാൾ പിന്നിലാണ്. ജിസിസിയിൽ നിന്നും യുഎഇ 20ാം സ്ഥാനത്തും സൗദി അറേബ്യ 21ാം സ്ഥാനത്തുമാണ്. 88 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അറുപതാം സ്ഥാനത്താണ്. ഇന്ത്യയ്ക്കും പിന്നിൽ 61ാം സ്ഥാനത്താണ് ചൈന.
Adjust Story Font
16