ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങളില്‍ നടപടി ശക്തമാക്കാനൊരുങ്ങി ഖത്തര്‍
നിയമലംഘനത്തിന് 1500 ഖത്തര്‍ റിയാലാണ് പിഴ
ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങളില്‍ നടപടി ശക്തമാക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജനുവരി 15 മുതല്‍ നിയമലംഘനങ്ങള്‍ നടത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഡെലിവറി ജീവനക്കാര്‍ റോഡിലെ വേഗത കുറഞ്ഞ വലതുപാത ഉപയോഗിക്കണമെന്നാണ് നിയമം. മോട്ടോര്‍ബൈക്ക് അപകടങ്ങള്‍ കൂടിയതിന് പിന്നാലെയാണ് അധികൃതര്‍ ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്.
എന്നാല്‍ ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയം നല്‍കിയിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനം ഓടിക്കേണ്ടത്.
ഡെലിവറി ബോക്സ് ബൈക്കില്‍ ഉറപ്പിക്കണം, ഹെല്‍മെറ്റ് ധരിക്കണം, ഓര്‍ഡര്‍ ബോക്സ് നീളം 120 സെമി വീതി 60സെമിയിലും കൂടാന്‍ പാടില്ല, ബൈക്കില്‍ പെര്‍മിറ്റ് നമ്പര്‍ വേണം, തൊഴിലുടമയുടെ പേരിലായിരിക്കണം വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണം. നിയമലംഘനത്തിന് 1500 ഖത്തര്‍ റിയാലാണ് പിഴ.
Adjust Story Font
16