ഗസ്സയ്ക്ക് പത്തുലക്ഷം ഡോളർ അടിയന്തിര സഹായം പ്രഖ്യാപിച്ച് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി
ഇസ്രായേലിന്റെ ആക്രമണം ദുരന്തഭൂമിയാക്കിമാറ്റിയ ഗസ്സയ്ക്ക് അടിയന്തിര മാനുഷിക സഹായമായി പത്തു ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി. ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ ആശുപത്രി, ചികിത്സാ സംവിധാനങ്ങൾ പാടെ തകർന്ന സാഹചര്യത്തിലാണ് സഹായ വാഗ്ദാനം.
ഗസ്സയിലെ ആശുപത്രികൾക്കായി മരുന്ന്, ആംബുലൻസ്, ശസ്ത്രക്രിയ സജ്ജീകരണങ്ങൾ, ഐ.സി.യു വിഭാഗം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ദുരന്തര പ്രതികരണ ഫണ്ടിൽ നിന്നും പത്തു ലക്ഷം ഡോളർ, ഏകദേശം 8.32 കോടി രൂപയാണ് ഖത്തര്‍ റെഡ് ക്രസന്റ് നല്‍കുന്നത്.
ഖത്തർ റെഡ് ക്രെസന്റിന്റെ ഗസ്സ, അൽ ഖുദ്സ്, വെസ്റ്റ്ബാങ്ക് എന്നിവടങ്ങളിലെ പ്രതിനിധി ഓഫീസുകൾ വഴി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, ഡിസാസ്റ്റർ ഇൻഫർമേഷൻ മാനേജ്മെന്റ് സെന്റർ പ്രവർത്തന സജ്ജമായെന്നും അധികൃതർ അറിയിച്ചു.
ഗസ്സയിലെ ക്യൂ.ആർ.സി.എസ് ഓഫീസ് വഴി ആദ്യ ഘട്ടമെന്ന നിലയിൽ രണ്ടു ലക്ഷം ഡോളറിന്റെ അടിയന്തര സഹായ പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പരിക്കേറ്റവർക്കായി മരുന്ന്, ആശുപത്രി ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കിയാണ് എമർജൻസി മെഡിക്കൽ സർവീസ് സംഘത്തെ പിന്തുണക്കുന്നത്.
അതിനിടെ, നാല് ഫലസ്തീൻ റെഡ്ക്രെസന്റ് സൊസൈറ്റിയുടെ പാരാമെഡിക്കൽ വളന്റിയർമാർ ആക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ക്യൂ.ആർ.സി.എസ് ദുഖം അറിയിച്ചു.
Adjust Story Font
16