ഖത്തര്‍ സംസ്കൃതി സി.വി ശ്രീരാമന്‍ പുരസ്കാരം സാദിഖ് കാവിലിന്
'കല്ലുമ്മക്കായ' എന്ന ചെറുകഥയാണ് അവാര്‍ഡിനര്‍ഹമായത്
- Updated:
2021-11-01 18:11:21.0
പ്രവാസി എഴുത്തുകാര്‍ക്കായി സംസ്കൃതി ഖത്തര്‍ ഏര്‍പ്പെടുത്തുന്ന സിവി ശ്രീരാമന്‍ സാഹിത്യ പുരസ്കാരം ദോഹയില്‍ പ്രഖ്യാപിച്ചു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി എഴുത്തുകാരന്‍ സാദിഖ് കാവില്‍ രചിച്ച 'കല്ലുമ്മക്കായ' എന്ന ചെറുകഥയാണ് ഇത്തവണ അവാര്‍ഡിന് അര്‍ഹമായത്. കാസർഗോഡ് സ്വദേശിയായ സാദിഖ് കഴിഞ്ഞ 15 വർഷമായി ദുബൈയില്‍ മാധ്യമമേഖലയില്‍ ജോലി ചെയ്യുകയാണ്.
50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകൻ ഇ. പി. രാജഗോപാലന്‍, തിരക്കഥാകൃത്ത് കെ. എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. നവംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ഐ. സി. സി. അശോക ഹാളില്‍ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ സമ്മാനിക്കും. ജൂറി അംഗങ്ങള്‍ ഓൺലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കും.
അന്നേ ദിവസം വൈകീട്ട് ആറ് മണിക്ക് സംസ്കൃതി കേരളോത്സവം വിവിധ കേരളീയ കലകളുടെ അവതരണത്തോടെ ഈ വേദിയില്‍ വെച്ച് നടക്കും. ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 75 ചെറുകഥകള്‍ ഇക്കുറി ലഭിച്ചതായി സംസ്കൃതി ഭാരവാഹികൾ അറിയിച്ചു. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്കൃതി ഭാരവാഹികളായ അഹമ്മദ്കുട്ടി അര്‍ളയില്‍, എ. കെ. ജലീല്‍, ഇ. എം. സുധീര്‍, ഓ. കെ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു
Adjust Story Font
16