സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്; കാബിനറ്റിന് നിർദേശം സമർപ്പിച്ച് ഖത്തർ ശൂറ കൗൺസിൽ
ദോഹ: സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ നിലവാരം ഉറപ്പാക്കാൻ നടപടികളുമായി ഖത്തർ. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന് ലൈസൻസ് ഉൾപ്പെടെയുള്ള നിയമനിർമാണത്തിന് ശൂറ കൗൺസിൽ കാബിനറ്റിന് ശിപാർശ സമർപ്പിക്കും. ഇന്ന് ചേർന്ന ശൂറ കൗൺസിലിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തത്. വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഖത്തർ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ധാർമികതയും രാജ്യത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും തകർക്കുന്ന രീതിയിലാകരുത് ഇത്. സോഷ്യൽ മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നതായി സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിം പറഞ്ഞു.
ഡിജിറ്റൽ മീഡിയ കണ്ടന്റുകളുടെ നിലവാരം ഉറപ്പാക്കാൻ കാബിനറ്റിന് നിർദേശം സമർപ്പിക്കാൻ ശൂറ കൗൺസിൽ തീരുമാനിച്ചു.സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന് ലൈസൻസ് ഏർപ്പെടുത്തുന്നത് ഉൾപ്പടെ ശുപാർശയിലുണ്ടാകും. പാശ്ചാത്യ സംസ്‌കാരങ്ങൾ പ്രചരിപ്പിക്കുന്നതും അനിയന്ത്രിതമായ പരസ്യങ്ങൾ തടയാനും വെറുപ്പ് പ്രചരിപ്പിക്കുന്നത് തടയാനും ഇതുവഴി സാധിക്കും. ക്രഡിബിലിറ്റി, ഇന്റലകച്വൽ പ്രോപർട്ടി റൈറ്റ്‌സ്, സുതാര്യത സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവയും ലൈസൻസിന്റെ പരിധിയിൽ വരും.
Adjust Story Font
16