ഖത്തറില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം സെപ്തംബര്‍ 15 മുതല്‍
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത വിഭാഗക്കാര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക
- Updated:
2021-09-11 19:04:00.0
ഖത്തറില്‍ ഫൈസര്‍, മൊഡേണ എന്നീ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നു. തെരഞ്ഞെടുത്ത വിഭാഗക്കാര്‍ക്കാണ് സെപ്തംബര്‍ 15 മുതല്‍ അധിക ഡോസ് നല്‍കുന്നത്. 65 വയസ്സിന് മുകളിലുള്ളവര്‍, മാരക രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നത് മൂലമോ മറ്റു കാരണങ്ങളാലോ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യപരിചരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. എന്നാല്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ഡോസ് ലഭിക്കുകയുള്ളൂ. നേരത്തെ സ്വീകരിച്ച അതെ വാക്സിന്‍ കമ്പനിയുടെത് തന്നെയായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുക. യോഗ്യരായ വിഭാഗക്കാരെ അതത് താമസമേഖലകളിലുള്ള പിഎച്ച്സിസികളില്‍ നിന്നും വിളിച്ച് അപ്പോയിന്‍മെന്‍റ് നല്‍കും.
രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവരെ പിഎച്ച്സിസികളില്‍ നിന്നും ബന്ധപ്പെടുന്നില്ലെങ്കില്‍ അവര്‍ക്ക് 4027 7077 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്‍മെന്‍റിനായി അപേക്ഷ നല്‍കാവുന്നതാണ്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും രണ്ടാം ഡോസെടുത്ത് 12 മാസങ്ങള്‍ക്കുള്ളില്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം ഉണര്‍ത്തി
Adjust Story Font
16