ഖത്തര്‍ ലോകകപ്പ്: കാണികള്‍ക്ക് താമസിക്കാന്‍ പ്രദേശവാസികളുടെ വീടുകളുമൊരുക്കും
ഹോസ്റ്റ് എ ഫാന്‍ എന്ന തലക്കെട്ടിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി പുതിയ പദ്ധതി നടപ്പാക്കുന്നത്.
ലോകകപ്പ് ഉള്‍പ്പെടെ ഖത്തറില്‍ നടക്കാനിരിക്കുന്ന വിവിധ ടൂര്‍ണമെന്‍റുകള്‍ കാണാനെത്തുന്നവര്‍ക്ക് ഖത്തര്‍ താമസക്കാരുടെ വീടുകളില്‍ ആതിഥ്യമൊരുക്കുന്ന പുതിയ പദ്ധതിയുമായി സംഘാടകരമായ സുപ്രീം കമ്മിറ്റി. പ്രത്യേക രജിസ്ട്രേഷന്‍ വഴി സന്നദ്ധത അറിയിക്കുന്ന ഖത്തര്‍ താമസക്കാരെയും ആതിഥ്യം ആഗ്രഹിക്കുന്ന കാണികളെയും ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.
ഹോസ്റ്റ് എ ഫാന്‍ അതായത് ആരാധകനെ അതിഥിയാക്കുക എന്ന തലക്കെട്ടിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി പുതിയ പദ്ധതി നടപ്പാക്കുന്നത്. വരാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ ലോകകപ്പ് തുടങ്ങിയവ കാണുന്നതിനായി ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് താമസ സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഒപ്പം ഖത്തറിന്‍റെ പരമ്പരാഗതവും ഹൃദ്യവുമായ ആതിഥ്യമര്യാദകള‍് അനുഭവിച്ച് ടൂര്‍ണമെന്‍റുകള്‍ ആസ്വദിക്കാന്‍ കാണികള്‍ക്ക് അവസരമൊരുക്കല്‍ കൂടിയാണ് സുപ്രീ കമ്മിറ്റി ലക്ഷ്യമാക്കുന്നത്.
ഇതിനായി സന്നദ്ധരാകുന്ന താമസക്കാര്‍ക്കും കാണികള്‍ക്കും പ്രത്യേക രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. hostafan.qa എന്ന വിലാസം വഴിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. വിജയകരമായി രജിസ്ട്രേഷന്‍ പൂര‍്ത്തീകരിക്കുന്ന അതിഥിയെയും ആതിഥേയനെയും തമ്മില്‍ ബന്ധിപ്പിച്ച് താമസ സൗകര്യം ഉറപ്പുവരുത്തും.
വരുന്ന നവംബറില്‍ ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ലക്ഷ്യമാക്കിയാണ് പദ്ധതിയുടെ ആദ്യഘട്ട രജിസ്ട്രേഷന്‍ നടക്കുന്നത്. ഖത്തർ സന്ദർശിക്കുന്ന കളിയാരാധകർക്ക് ടൂര്‍ണമെന്‍റിലൂടനീളം വിവിധയിടങ്ങളിലായി താമസിച്ച് ഒരു പ്രദേശവാസിയുടെ കണ്ണിലൂടെ ഖത്തറിന്‍റെ സമ്പന്നമായ സാംസ്കാരികത അനുഭവിക്കാനുള്ള അവസരമൊരുക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പ്രോജക്ട് മാനേജര്‍ ഖാലിദ് അല്‍ ജുമൈലി പറഞ്ഞു.
Adjust Story Font
16