ഖത്തറിൽ ഇനി സമുദ്ര പൈതൃക കാഴ്ചകൾ; കതാറ പായക്കപ്പൽ മേളയ്ക്ക് നാളെ തുടക്കം
കതാറ കൾച്ചറൽ വില്ലേജിൽ ഡിസംബർ ഏഴ് വരെ മേള തുടരും
ദോഹ: ഖത്തറിന്റെ സമുദ്ര പൈതൃകങ്ങളുടെ കാഴ്ചകളുമായി പായക്കപ്പൽ മേളയ്ക്ക് നാളെ തുടക്കം. കതാറ കൾച്ചറൽ വില്ലേജിൽ ഡിസംബർ ഏഴ് വരെ മേള തുടരും. പായക്കൽ മേളയുടെ പതിനാലാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. വൈകിട്ട് മൂന്ന് മുതൽ രാത്രി പത്തു വരെ സന്ദർശകർക്ക് ഖത്തറിന്റെ സമുദ്ര പൈതൃകവും സാംസ്‌കാരിക കാഴ്ചകളും ആസ്വദിക്കാം. ആതിഥേയരായ ഖത്തറിന് പുറമെ, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, ഇറാഖ്, ഇന്ത്യ, താൻസാനിയ, ഇറാൻ, ഫലസ്തീൻ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ആറാമത് ഫത്അൽ ഖെയ്ർ യാത്രയ്ക്കും മേളയിൽ തുടക്കമാകും. പ്രത്യേക നാടകാവിഷ്‌കാരത്തോടെയാണ് തുടക്കം.
സമുദ്ര കലാരൂപങ്ങളും ഗൾഫ് മേഖലയുടെ സമുദ്ര സാംസ്‌കാരിക വൈവിധ്യവും ഉയർത്തിക്കാട്ടിയുള്ള ഒമാനി സമുദ്ര കലകളും സന്ദർശകർക്കായി കാത്തിരിക്കുന്നു. പവിഴങ്ങളുടെ പ്രദർശനം, മുത്തും പവിഴവുംകൊണ്ട് കരകൗശല വസ്തുക്കളുടെയും ആഭരണങ്ങളുടെയും നിർമാണവും വിൽപനയും, ചിപ്പിയിൽ നിന്നും മുത്ത് ശേഖരിക്കുന്ന രീതി എന്നിവയെല്ലാം പരിചയപ്പെടാം. സാംസ്‌കാരിക സെമിനാറുകൾ, ശിൽപശാലകൾ, എന്നിവയും ദൌ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
Adjust Story Font
16