യുക്രൈൻ പ്രശ്‌നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ
യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും എല്ലാവരും പാലിക്കണം. തർക്കങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെയാണ് തീർക്കേണ്ടത്. ഭീഷണിയിൽ നിന്നും ബലപ്രയോഗത്തിൽ നിന്നും വിട്ടുനിൽക്കണം.
യുക്രൈൻ പ്രശ്‌നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ. സൈനിക അധിനിവേശത്തെ ആശങ്കയോടെയാണ് ഖത്തർ കാണുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. യുക്രൈനിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഖത്തർ ബഹുമാനിക്കുന്നു. സൈനിക അധിനിവേശത്തെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. നയതന്ത്ര തലത്തിൽ ക്രിയാത്മക ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി പറഞ്ഞു. ജനീവയിൽ നടക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ 49 ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും എല്ലാവരും പാലിക്കണം. തർക്കങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെയാണ് തീർക്കേണ്ടത്. ഭീഷണിയിൽ നിന്നും ബലപ്രയോഗത്തിൽ നിന്നും വിട്ടുനിൽക്കണം. പൗരന്മാരുടെ സുരക്ഷയാണ് പരമമായ ദൗത്യം. സംഘർഷം തുടർന്നാൽ ദശലക്ഷക്കണക്കിന് അഭയാർഥികളാണ് ദുരിതമനുഭവിക്കാൻ പോകുന്നത്. സംഘർഷം അവസാനിപ്പിക്കാനുള്ള നടപടികൾക്കൊപ്പം തന്നെ ഈ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനുള്ള പദ്ധതികളും തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെയും ഖത്തർ രൂക്ഷമായി വിമർശിച്ചു. കൊളോണിയൽ അധിനിവേശത്തിന്റെ രീതിയാണ് ഇസ്രായേൽ പിന്തുടരുന്നത്. ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16