2025ലും കളിയുത്സവക്കാലം ഒരുക്കാൻ ഖത്തർ
ഫ്രഞ്ച് ഫുട്‌ബോളിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടം നാളെ ഖത്തറിൽ
ദോഹ: 2025 ലും കായിക പ്രേമികൾക്ക് കളിയുത്സവക്കാലം ഒരുക്കാൻ ഖത്തർ. നാളത്തെ ഫ്രഞ്ച് സൂപ്പർ കപ്പ് മുതൽ വർഷാവസാനത്തെ അറബ് കപ്പ് വരെ നീളുന്നതാണ് മത്സരങ്ങളുടെ നിര. ഖത്തർ ഒളിമ്പിക് കമ്മിറ്റിയാണ് ഈ വർഷത്തെ കായിക മത്സരങ്ങളുടെ കലണ്ടർ പുറത്തുവിട്ടത്. 15 ലോകചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ ചെറുതും വലുതുമായ 84 കായിക മേളകൾക്കാണ് 2025ൽ ഖത്തർ വേദിയൊരുക്കുന്നത്.
അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളും ഫിഫ അറബ് കപ്പുമാണ് ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടങ്ങൾ. നവംബർ 5 മുതൽ 25 വരെയാണ് കൗമാര ലോകകപ്പ് നടക്കുക. അറബ് കപ്പിന് ഡിസംബർ ഒന്നിന് കിക്കോഫ് വിസിൽ മുഴങ്ങും. ഡിസംബർ 18നാണ് കലാശപ്പോര്. ഫോർമുല വൺ ഖത്തർ ഗ്രാന്റ് പ്രി നവംബർ 30 നും ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് -മേയ് 16 നും നടക്കും. വേൾഡ് കപ്പ് ആർടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, വേൾഡ് ടി.ടി ചാമ്പ്യൻഷിപ്പ് എന്നിവയ്ക്കും ഖത്തറാണ് വേദി. നൊവാക് ജോക്കോവിച്ച് ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന ഖത്തർ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫെബ്രുവരിയിലാണ് നടക്കുക. ഇതിന് പുറമെ വൻകരാ തലത്തിലും മേഖലാ തലത്തിലും നടക്കുന്ന വിവിധ പോരാട്ടങ്ങൾക്കും ഖത്തർ വേദിയാകും.
ഫ്രഞ്ച് ഫുട്‌ബോളിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടം നാളെ
ഫ്രഞ്ച് ഫുട്‌ബോളിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടം നാളെ ഖത്തറിൽ നടക്കും. വൈകിട്ട് ഏഴരയ്ക്ക് നയൻ സെവൻ ഫോർ സ്റ്റേഡിയത്തിലാണ് പിഎസ്ജി- എ.എസ് മൊണാക്കോ മത്സരം. താരനിബിഡമാണ് പിഎസ്ജി, ഫ്രഞ്ച് ലീഗിനും ഫ്രഞ്ച് കപ്പിനും പിന്നാലെ സൂപ്പർ കപ്പും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോച്ച് ലൂയിസ് എൻറിക്വെയും സംഘവും. മാർക്വിനോസും അഷ്‌റഫ് ഹകീമിയും ഡെംബെലെയും ലികാങ് ഇന്നും അടങ്ങുന്ന സംഘത്തിന് കടലാസിൽ മേധാവിത്വമുണ്ട്. ലീഗിലെ രണ്ടാം സ്ഥാനക്കാരെന്ന് മേൽവിലാസത്തിൽ സൂപ്പർ കപ്പ് സ്‌പോട്ട് ലഭിച്ച എ.എസ് മൊണാക്കോയും രണ്ടും കൽപിച്ചുള്ള പോരിനാണ്. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ പിഎസ്ജിയോടേറ്റ തോൽവിക്ക് കണക്കുതീർക്കണം. അന്ന് ഗോൾ കണ്ടെത്തിയ എലീസെ ബെൻസഗീറും. ജപ്പാന്റെ തകുമിമിനാമിനോയുമാണ് ടീമിന്റെ പ്രതീക്ഷകൾ. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് വേദിയായ 974 സ്റ്റേഡിയത്തിലാണ് മത്സരം.
Adjust Story Font
16