Quantcast

ഖത്തർ ലോകകപ്പ്; ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു

ഡെന്മാർക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ് എന്നീ ടീമുകളാണ് ദോഹയിലേക്ക് ആദ്യം ടിക്കറ്റുറപ്പിച്ച അഞ്ച് ടീമുകള്‍.

MediaOne Logo

Web Desk

  • Updated:

    2021-11-16 17:11:42.0

Published:

16 Nov 2021 5:10 PM GMT

ഖത്തർ ലോകകപ്പ്; ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു
X

2022 ഖത്തര്‍ ലോകകപ്പിന്‍റെ ഒരു വര്‍ഷ കൌണ്ട് ഡൌണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു. നിലവില്‍ യോഗ്യത നേടിയ അഞ്ച് ടീമുകളുടെ പതാകകള്‍ കഴിഞ്ഞ ദിവസം ഉയർത്തി. ഫ്രാന്‍സ്, ബ്രസീല്‍ ഉള്‍പ്പെടെ യോഗ്യത നേടിയ നാല് രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡര്‍മാരാണ് പതാകകള്‍ ഉയര്‍ത്തിയത്.

ഡെന്മാർക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ദോഹയിലേക്ക് ആദ്യം ടിക്കറ്റുറപ്പിച്ച അഞ്ച് ടീമുകള്‍. ഒപ്പം ആതിഥേയരായ ഖത്തറും. കായിക ലോകം കീഴടക്കാന്‍ കച്ചമുറുക്കുന്നവരുടെ കൊടിയടയാളങ്ങള്‍ ചുമലിലേറ്റി ദോഹ കോര്‍ണീഷ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

ദോഹയുടെ അടയാള സ്തംഭങ്ങളായ ദഫ്ന ടൌണ്‍ഷിപ്പ് ടവറുകള്‍ക്ക് അഭിമുഖമായി ആദ്യം സ്ഥാനമുറപ്പിച്ച അഞ്ച് ടീമുകളുടെ പതാകകളും അടുത്ത അവകാശികള്‍ക്കായുള്ള കൊടിമരങ്ങളും വാനിലേക്കുയര്‍ന്നു കഴിഞ്ഞു. ഇതിനകം യോഗ്യത നേടിയ അഞ്ച് രാജ്യങ്ങളുടെ ഖത്തറിലെ സ്ഥാനപതികള്‍ ചേര്‍ന്നാണ് അവരവരുടെ പതാകകള്‍ ഉയര്‍ത്തിയത്.

ജര്‍മ്മന്‍ അംബാസഡര്‍ ക്ലോഡിയോ ഫിഷ്ബാഷ്, ബ്രസീല്‍ അംബാസഡര്‍ ലൂയിസ് ആല്‍ബര്‍ട്ടോ ഫിഗൈറിഡോ മെക്കാഡോ, ബെല്‍ജിയം അംബാസഡര്‍ വില്യം അസ്സെല്‍ബോണ്‍, ഫ്രഞ്ച് അംബാസഡര്‍ ജീന്‍ ബാപ്റ്റിസ്റ്റെ ഫെയ്വര്‍ എന്നിവരാണ് പതാകകള്‍ ഉയര്‍ത്തിയത്. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍, ഖത്തര്‍ പുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍ അന്‍സാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

ലോകകപ്പിന്‍റെ സന്നാഹമെന്ന നിലയില്‍ നടക്കുന്ന ഫിഫ അറബ് കപ്പിന്‍റെ പ്രധാന ആഘോഷ നഗരിയും കൂടിയായതിനാലാണ് കോര്‍ണീഷില്‍ പതാകകള്‍ സ്ഥാപിച്ചത്. അതിനാല്‍ തന്നെ ഈ ആഘോഷ നഗരിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രവും ഈ പതാക പോയിന്‍റാകും

TAGS :

Next Story