ഖത്തർ ലോകകപ്പ്: കളി കാണുന്നില്ലെങ്കിൽ ടിക്കറ്റ് പുനർവിൽപന ചെയ്യാം
റാന്‍ഡം നറുക്കെടുപ്പ് വഴിയും നേരിട്ടോ ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ക്ക് കളി കാണാന്‍ സാധിക്കില്ലെങ്കില്‍ ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് റീസെയില്‍ വിന്‍ഡോ
ഖത്തർ: ലോകകപ്പ് മത്സരങ്ങള്‍ക്കായി ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ കളി കണികാണാന്‍ സാധിക്കില്ലെങ്കില്‍ ആ ടിക്കറ്റുകള്‍ ഇപ്പോള്‍ പുനര്‍വില്‍പ്പന ചെയ്യാം. ഇതിനുള്ള വിന്‍ഡോ ഫിഫ ടിക്കറ്റ് പോര്‍ട്ടലില്‍ ആക്ടീവായി. വില്‍പ്പനക്കാരില്‍ നിന്നും വാങ്ങുന്നയാളില്‍ നിന്നും ഫിഫ ചെറിയ ഫീസ് ഈടാക്കുന്നുണ്ട്.
റാന്‍ഡം നറുക്കെടുപ്പ് വഴിയും നേരിട്ടോ ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ക്ക് കളി കാണാന്‍ സാധിക്കില്ലെങ്കില്‍ ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് റീസെയില്‍ വിന്‍ഡോ. ടിക്കറ്റ് ഉടമകള്‍ അവരുടെ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്ത് റീസെയില്‍ ടിക്കറ്റ് ഒപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ഇങ്ങനെ തിരിച്ചു നല്‍കുന്ന ടിക്കറ്റുകള്‍ക്ക് നല്‍കുന്നയാളില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നയാളില്‍ നിന്നും ഫിഫ നിശ്ചിത തുക ഈടാക്കും. ഇത് ടിക്കറ്റ് നിരക്ക് അനുസരിച്ച് അഞ്ച് ശതമാനമോ അല്ലെങ്കില്‍ രണ്ട് ഖത്തര്‍ റിയാലോ ആകും.
അതേ സമയം റീസെയില്‍ പ്ലാറ്റ്ഫോമില്‍ നല്‍കിയ എല്ലാ ടിക്കറ്റുകളും വില്‍ക്കപ്പെടുമെന്ന് ഫിഫ ഉറപ്പുനല്‍കുന്നില്ല. ടിക്കറ്റ് വാങ്ങിയയാള്‍ക്ക് അതിഥികള്‍ക്കായി വാങ്ങിയ എത്ര ടിക്കറ്റും ഇങ്ങനെ പുനര്‍വില്‍പ്പന നടത്താം. എന്നാല്‍ സ്വന്തം ടിക്കറ്റാണ് വില്‍ക്കുന്നതെങ്കില്‍ ആ മത്സരത്തിന് ലഭിച്ച എല്ലാ ടിക്കറ്റും റീ സെയില്‍ പ്ലാറ്റ്ഫോമില്‍ നല്‍കണം. മെയിന്‍ ആപ്ലിക്കന്റിന്റെ ടിക്കറ്റ് കൈമാറിയാല്‍ അതിഥികള്‍ക്ക് കളി കാണാന്‍ കഴിയില്ലെന്ന് സാരം.ആഗസ്റ്റ് 16 വരെ ഈ വിന്‍ഡോ പ്രവര്‍ത്തിക്കും. ഇതിന് ശേഷം ഒരുമാസത്തിനുള്ളില്‍ റീസെയില്‍ ഫീസ് കഴിച്ചുള്ള തുക ടിക്കറ്റ് ഉടമയുടെ അക്കൌണ്ടില്‍ ലഭിക്കും. റീസെയില്‍ പ്ലാറ്റ് ഫോം വഴിയല്ലാതെ ടിക്കറ്റ് കൈമാറ്റം ചെയ്താല്‍ കനത്ത പിഴ ഈടാക്കും.
Adjust Story Font
16