ഖത്തർ നയതന്ത്രം വീണ്ടും ഫലം കണ്ടു; യുദ്ധത്തിനിടെ ഒറ്റപ്പെട്ട 48 കുട്ടികളെ കൈമാറാൻ റഷ്യ-യുക്രൈൻ ധാരണ
റഷ്യയിൽ കുടുങ്ങിയ 29 യുക്രൈൻ കുട്ടികളെയും യുക്രൈനിൽ കുടുങ്ങിയ 19 റഷ്യൻ കുട്ടികളെയുമാണ് പരസ്പരം കൈമാറുക
ദോഹ: ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾ വീണ്ടും ഫലം കണ്ടു. യുദ്ധത്തിനിടെ ഒറ്റപ്പെട്ട 48 കുട്ടികളെ കൈമാറാൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. ഖത്തർ അന്താരാഷ്ട്ര സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റഷ്യൻ യുക്രൈൻ അധികൃതർ കുട്ടികളെ കൈമാറുന്ന കാര്യം പ്രഖ്യാപിച്ചത്. റഷ്യയിൽ കുടുങ്ങിയ 29 യുക്രൈൻ കുട്ടികളെയും യുക്രൈനിൽ കുടുങ്ങിയ 19 റഷ്യൻ കുട്ടികളെയുമാണ് പരസ്പരം കൈമാറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളിൽ ഒറ്റപ്പെട്ടവരുടെ പുനഃസംഗമം ഒരുക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൈമാറ്റം.
റഷ്യ യുക്രൈൻ സംഘർഷത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളുടെയും കുട്ടികളുടെയും പുനഃസംഗമത്തിന് ഖത്തർ തുടക്കം മുതൽ ശ്രമം നടത്തുന്നുണ്ട്. 2022 ഫെബ്രുവരിയിലെ അധിനിവേശത്തിന് പിന്നാലെ 19000 ത്തോളം യുക്രൈൻ കുട്ടികൾ റഷ്യൻ തടവിലുണ്ടെന്നാണ് യുക്രൈനിന്റെ ആക്ഷേപം. എന്നാൽ സംഘർഷ മേഖലയിൽ നിന്ന് സുരക്ഷ കണക്കിലെടുത്ത് കുട്ടികളെ ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് റഷ്യയുടെ വാദം. ദിവസങ്ങൾക്ക് മുമ്പ് 37 കുട്ടികളടക്കം 20 റഷ്യൻ-യുക്രൈൻ കുടുംബങ്ങളുടെ സംഗമത്തിന് ദോഹ വേദിയായിരുന്നു. ഇവർക്ക് ചികിത്സയടക്കമുള്ള സൗകര്യങ്ങൾ ഖത്തർ ഒരുക്കിയിട്ടുണ്ട്. അതേസമയം യുക്രൈനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി യുക്രൈനിയൻ പാർലമെന്റ് കമ്മീഷണർ ഓഫീസിന് 30 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തു.
Adjust Story Font
16