എൽ.എൻ.ജി വിപണിയെ ഖത്തറും അമേരിക്കയും നയിക്കുമെന്ന് റിപ്പോർട്ട്
ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയുടെ 40 ശതമാനം ഇപ്പോൾ അമേരിക്കയും ഖത്തറുമാണ് കയ്യടക്കിയിരിക്കുന്നത്
ദ്രവീകൃത പ്രകൃതിവാതക വിപണിയിൽ വരും വർഷങ്ങളിലും ഖത്തർ-അമേരിക്ക മത്സരമായിരിക്കും നടക്കുകയെന്ന് പഠനം.അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ വുഡ്മാകിന്റേതാണ് വിലയിരുത്തൽ. ഊർജ, ഖനന മേഖലയിൽ ഡാറ്റാ ശേഖരണം നടത്തുന്ന സ്ഥാപനമാണ് വുഡ്മാക്. ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയുടെ 40 ശതമാനം ഇപ്പോൾ അമേരിക്കയും ഖത്തറുമാണ് കയ്യടക്കിയിരിക്കുന്നത്.
2040 ഈ രാജ്യങ്ങളുടെ മാർക്കറ്റ് ഷെയർ 60 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. എന്നാൽ വാൻക്യുവറിൽ നടന്ന എൽ.എൻ.ജി സമ്മേളനത്തിൽ 2029 ഓടെ തന്നെ മാർക്കറ്റിന്റെ 40 ശതമാനം വിഹിതം ഖത്തറിന്റേതാകുമെന്ന് ഖത്തർ ഊർജസഹമന്ത്രി പ്രഖ്യാപിച്ചിരുന്നു.
നോർത്ത് ഫീൽഡ് പ്രൊജക്ടിൽ നിന്നുള്ള ഇന്ധനം ലഭിച്ച് തുടങ്ങുന്നതോടെ ഖത്തറിന്റെ ഉൽപാദനം ഗണ്യമായി കൂടും. നിലവിലെ ഉൽപാദനത്തേക്കാൾ പ്രതിവർഷം 100 മെട്രിക് ടൺകൂടി ആഗോള തലത്തിൽ ആവശ്യകതയുണ്ടെന്നാണ് വിലയിരുത്തൽ.
യുക്രൈൻ യുദ്ധത്തെ തുടർന്ന് യൂറോപ്പിൽ നിന്ന് വലിയ ആവശ്യകതയുണ്ടെങ്കിലും ഏഷ്യ തന്നെയായിരിക്കും എൽ.എൻ.ജിയുടെ സ്ഥായിയായ മാർക്കറ്റ്. വിപണിയിൽ വരും വർഷങ്ങളിൽ ഖത്തറിനും അമേരിക്കയ്ക്കും വെല്ലുവിളി ഉയർത്തി കാനഡ കറുത്ത കുതിരകളാകുമെന്നും വുഡ്മാകിലെ വിദഗ്ധർ അനുമാനിക്കുന്നു.
Adjust Story Font
16