22ാമത് ദോഹ ഫോറത്തിന് തുടക്കം
സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നൂതന നയതന്ത്ര പങ്കാളിത്തം ആവശ്യം: ഡോ. എസ്. ജയശങ്കർ
ദോഹ: നവീകരണത്തിന്റെ അനിവാര്യത എന്ന പ്രമേയവുമായി 22ാമത് ദോഹ ഫോറത്തിന് തുടക്കം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഏഴ് രാഷ്ട്രത്തലവൻമാർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ദോഹ ഫോറത്തിന് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്രജ്ഞർക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാനുള്ള വേദിയായി ദോഹ ഫോറം മാറിയെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വ്യക്തമാക്കി.
പ്രതിസന്ധികൾക്ക് നടുവിൽ ധീരമായ മാധ്യമപ്രവർത്തനം നടത്തിയവരെ ഉദ്ഘാടന വേദിയിൽ ആദരിച്ചു. ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ ക്രൂരതകൾ ലോകത്തോട് വിളിച്ചു പറഞ്ഞ വാഇൽ അൽ ദഹ്ദൂഹ്, കാർമെൻ ജൌഖാദർ, സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റ് മൊഅതസ് അസൈസ, ഡിലാൻ കോളിൻസ്, ക്രിസ്റ്റിന അസി, സദാഫ് പോൽസായ് എന്നിവർക്കാണ് അമീർ ദോഹ ഫോറം പുരസ്‌കാരം സമ്മാനിച്ചത്. രണ്ട് ദിവസമായി ഷെറാട്ടൺ ഗ്രാന്റ് ഹോട്ടലിൽ നടക്കുന്ന ചർച്ചകളിൽ 150 രാജ്യങ്ങളിൽ നിന്നായി 4500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നൂതന നയതന്ത്ര പങ്കാളിത്തം ആവശ്യം: ഡോ. എസ്. ജയശങ്കർ
റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നൂതന നയതന്ത്ര പങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ഖത്തറിൽ നടക്കുന്ന ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്‌നങ്ങൾക്ക് കൂട്ടായ ശ്രമങ്ങളിലൂടെയാണ് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ആൽഥാനിക്കൊപ്പം പങ്കെടുത്ത സെഷനിൽ ഇന്ത്യയുടെ വിവിധ നയതന്ത്രദൗത്യങ്ങൾ സംബന്ധിച്ചും ഡോ. എസ്. ജയശങ്കർ വിശദീകരിച്ചു.
ഗൾഫിലെയും മെഡിറ്ററേനിയൻ പ്രദേശങ്ങളിലെയും സംഘർഷം ഇന്ത്യയെ അടക്കം ബാധിച്ചിട്ടുണ്ട്. ചെങ്കടൽ മേഖലയിലെ സ്ഥിതിഗതികൾ സങ്കീർണമായത് കപ്പൽ ഗതാഗതത്തിന് തടസമുണ്ടാക്കി. എണ്ണ, വളം തുടങ്ങിയവയുടെ വില വർധനവിനും ഇത് വഴിവെച്ചു.
ഇന്ന് പ്രശ്‌ന പരിഹാരത്തിൽ എല്ലാവർക്കും പങ്കുണ്ട്. നേരത്തെ മധ്യസ്ഥ ചുമതല യുഎന്നിനും ചില പാശ്ചാത്യ ശക്തികൾക്കും മാത്രമായിരുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ കറൻസി നിർദേശത്തിനെതിരായ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നിലെ പ്രേരണ എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ ഡോളറിനെ ദുർബലപ്പെടുത്തുന്നതിനെ ഇന്ത്യ അംഗീകരിക്കില്ലെന്നും ഇപ്പോൾ ബ്രിക്‌സ് കറൻസി വേണമെന്ന നിർദേശമില്ലെന്നും എസ് ജയശങ്കർ വിശദീകരിച്ചു.
Adjust Story Font
16