മാച്ച് ഫോർ ഹോപ് ഫുട്‌ബോൾ മത്സരം അടുത്ത വർഷം ഫെബ്രുവരി 14ന് നടക്കും
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ നടത്തുന്ന മാച്ചാണിത്
ദോഹ: വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ഖത്തറിൽ നടത്തുന്ന മാച്ച് ഫോർ ഹോപ് ഫുട്‌ബോൾ മത്സരം അടുത്ത വർഷം ഫെബ്രുവരി 14ന് നടക്കും. ഫുട്ബാൾ ഇതിഹാസങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമെല്ലാം ഒന്നിച്ച് ബൂട്ടുകെട്ടുന്ന മത്സരത്തിന്റെ രണ്ടാം പതിപ്പാണിത്. കഴിഞ്ഞവർഷം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 34,000ത്തോളം കാണികൾക്കു മുമ്പാകെ നടന്ന മത്സരം ലോകമെങ്ങുമുള്ള 2.25 കോടി കാണികളിലാണ് എത്തിയത്.
ഇതുവഴി സമാഹരിച്ച 88 ലക്ഷം ഡോളർ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ വഴി 70,000ത്തോളം വിദ്യാർഥികളുടെ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്കാണ് ചെലവഴിച്ചത്. ഫലസ്തീൻ, സുഡാൻ, മാലി, റുവാൻഡ, താൻസാനിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിനിയോഗിച്ചത്. ഇത്തവണ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇത്തവണ 'മാച്ച് ഫോർ ഹോപ്പിനായി ക്രമീകരിക്കുന്നത്.
ബ്രസീൽ സൂപ്പർതാരം റോബർഡോ കാർലോസ്, കകാ, എഡൻ ഹസാഡ്, ദിദിയർ ദ്രോഗ്ബ തുടങ്ങിയവർ കഴിഞ്ഞ വർഷം മാച്ച് ഫോർ ഹോപിനെത്തിയിരുന്നു. ഇത്തവണത്തെ വേദിയും പങ്കെടുക്കുന്നവരുടെ വിവരങ്ങളും വൈകാതെ അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ഖത്തർ അമീറിന്റെ മാതാവ് ശൈഖ മോസ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഫൌണ്ടേഷനാണ് എജ്യുക്കേഷൻ എബൌ ആൾ.
Adjust Story Font
16