Quantcast

ട്രാഫിക് നിയന്ത്രണങ്ങളും റോഡ് സുരക്ഷാ നിയമങ്ങളും ശക്തമാക്കി; ഖത്തറിൽ അപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ 32 ശതമാനം കുറവ് വന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    14 July 2024 5:21 PM GMT

Traffic regulations and road safety rules have been tightened; Accidental deaths have reduced significantly in Qatar
X

ദോഹ: ട്രാഫിക് നിയന്ത്രണങ്ങളും റോഡ് സുരക്ഷാ നിയമങ്ങളും ശക്തമാക്കിയതിനെ തുടർന്ന് ഖത്തറിൽ അപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ 32 ശതമാനം കുറവ് രേഖപെടുത്തി. ഖത്തർ ദേശീയ ആസൂത്രണ കൗൺസിലിന്റെ കണക്ക് പ്രകാരം ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ 3,163 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും നിസ്സാര സ്വാഭാവമുള്ളവയാണ്. 172 എണ്ണം മാത്രമാണ് ഗുരുതരമായവ. ഈ കാലയളവിൽ 52 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,041 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ 58 പേർ മരിച്ചു. 2022 ൽ 2,904 അപകടങ്ങളും 77 മരണങ്ങളാണ് ആദ്യ നാലു മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ 32.4 ശതമാനം കുറവ് രേഖപെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് സ്വീകരിച്ച കർശന സുരക്ഷാ നടപടികളുടെ ഫലമാണിത്.

ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനായി എല്ലാ റോഡുകളിലും ഇൻറർസെക്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലും സ്പീഡ് റഡാർ കാമറകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം ആധുനികവും അത്യാധുനികവുമായ ഇൻഫ്രാസ്ട്രക്ചറിലുള്ള റോഡുകളുടെ നിർമ്മാണവും വാഹന ഫിറ്റ്‌നസ് ഉറപ്പാക്കുന്ന വാർഷിക പരിശോധനാ സംവിധാനവും മെച്ചപ്പെട്ട ഗതാഗത സുരക്ഷാ സൂചകങ്ങൾക്ക് കാരണമായി. അമിതവേഗതക്കെതിരെ യുവാക്കളെ ബോധവൽക്കരിക്കുന്നതുൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ റോഡ് സുരക്ഷ സംബന്ധിച്ച് വിവിധ പരിപാടികൾ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ആസൂത്രം ചെയ്ത് നടപ്പാക്കുന്നുണ്ട്.

TAGS :

Next Story