ഖത്തറിന്റെ ആകാശ കരുത്തായി ടൈഫൂൺ ഫൈറ്റർ വിമാനങ്ങൾ; ആദ്യബാച്ചെത്തി
രാജ്യത്തിന്റെ സുരക്ഷയില്‍ പ്രധാന പങ്കുവഹിക്കുന്ന വിമാനത്തിന്റെ ആഗമനത്തിന് സാക്ഷിയാകാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും എത്തിയിരുന്നു
ദോഹ: ഖത്തറിലെ ആകാശത്ത് കരുത്തായി ടൈഫൂണ്‍ ഫൈറ്റര്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഖത്തറിലെത്തി. ടൈഫൂണ്‍ വിമാനങ്ങളെ വരവേല്‍ക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ദുഖാനിലെ എയര്‍ ബേസിലെത്തിയിരുന്നു.
അത്യാധുനിക നിരീക്ഷണ, റഡാര്‍ സംവിധാനങ്ങളുള്ള പോര്‍ വിമാനമാണ് ടൈഫൂണ്‍. അമീരി വ്യോമ സേനയുടെ എഫ് 15, റാഫേല്‍ വിമാനങ്ങളുടെ ശ്രേണിയിലേക്കാണ് ടൈഫൂണ്‍ എത്തുന്നത്. 2017 ലാണ് 24 ടൈഫൂണ്‍ യൂറോ ഫൈറ്ററുകള്‍ക്ക് ഖത്തര്‍ ബ്രിട്ടണുമായി കരാറിലെത്തുന്നത്. 600 കോടി പൌണ്ടായിരുന്നു കരാര്‍ തുക. ഇതില്‍ ആദ്യ ബാച്ചാണ് ദുഖാനിലെ എയര്‍ ബേസില്‍ പറന്നിറങ്ങിയത്.
രാജ്യത്തിന്റെ സുരക്ഷയില്‍ പ്രധാന പങ്കുവഹിക്കുന്ന വിമാനത്തിന്റെ ആഗമനത്തിന് സാക്ഷിയാകാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും എത്തിയിരുന്നു. എയര്‍ബേസില്‍ വിമാനങ്ങളെ സ്വീകരിച്ച അമീറിന് സാങ്കേതിക മികവിനെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് നല്‍കി. ഉപപ്രധാനമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ അല്‍ അതിയ്യും കൂടെയുണ്ടായിരുന്നു. പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ടൈഫൂണ്‍ യൂറോ ഫൈറ്ററുകള്‍ സ്വന്തമാക്കിയത്. ബ്രിട്ടണ്‍, ജര്‍മനി, സ്പെയിന്‍,ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് യൂറോ ഫൈറ്റര്‍ നിര്‍മിക്കുന്നത്.
Adjust Story Font
16