ഖത്തറില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്ക് സമയപരിധി നീട്ടി
ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ അവസാനം വരെ ഇത്തരക്കാര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കി സ്റ്റാറ്റസ് നിയമവിധേയമാക്കാം
ഖത്തറില്‍ വിസാ കാലാവധി കഴിഞ്ഞ് തുടരുന്നവര്‍ക്കും എന്‍ട്രി എക്‌സിറ്റ് നിയമ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കും ആഭ്യന്തര മന്ത്രാലയം സാവകാശ സമയപരിധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10 മുതല്‍ ഡിസംബവര്‍ അവസാനം വരെ ഇത്തരക്കാര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കി സ്റ്റാറ്റസ് നിയമവിധേയമാക്കാം.എന്‍ട്രി എക്സിറ്റ് താമസ നിയമങ്ങൾ, ഫാമിലി വിസിറ്റ് വിസാ നിയമങ്ങൾ എന്നിവ ലംഘിച്ച എല്ലാ പ്രവാസികൾക്കും സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനായാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക കാലപരിധി പ്രഖ്യാപിച്ചത്.
2021 ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെയുള്ള സമയ പരിധിക്കുള്ളിൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ ചട്ടങ്ങൾ ലംഘിച്ചതു കാരണം അനധികൃത കുടിയേറ്റക്കാരായി ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് ഈ കാലയളവിൽ പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.
പ്രവാസികൾ, തൊഴിൽ ഉടമകൾ എന്നിവർക്ക് സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെൻറിനെയോ അല്ലെങ്കിൽ മന്ത്രാലയം നിർദേശിച്ച ഏതെങ്കിലും സേവന കേന്ദ്രങ്ങളേയോ സമീപിക്കാം. ഒക്ടോബർ 10 മുതൽ, ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെ ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം. ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളെയാണ് ഒത്തുതീര്‍പ്പിനായി സമീപിക്കേണ്ടത്. അനധികൃത തൊഴിലാളികൾ, താമസക്കാർ എന്നി വിഭാഗങ്ങൾക്ക് ഭീമമായ തുക പിഴഇല്ലാതെ തന്നെ തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള സുവർണാവസരം കൂടിയാണ് 'ഗ്രേസ്' പിരീഡ്.പിഴത്തുക ഒഴിവാക്കുന്നതിനും, അല്ലെങ്കില്‍ നിയവിധേയമായ ഇളവുകൾക്കായും അപേക്ഷ നൽകുന്നതിനും കഴിയും. 2015ലെ നമ്പർ 21 പ്രവാസി എൻട്രി, എക്സിറ്റ് നിയമ പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Adjust Story Font
16