'ജിസിസിയിൽ ഏറ്റവും കൂടുതൽ വളർച്ച നേടുക ഖത്തർ': 3.3% സാമ്പത്തിക വളർച്ച നേടുമെന്ന് ലോകബാങ്ക്
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഖത്തറിന് 19.7 ബില്യണ്‍ റിയാലിന്റെ ബജറ്റ് മിച്ചം ഉണ്ടായിരുന്നു
ലോകകപ്പിന് ശേഷവും സാമ്പത്തിക വളര്‍ച്ചയില്‍ ജിസിസിയില്‍ ഖത്തര്‍ ഒന്നാമതെത്തുമെന്ന് ലോകബാങ്ക്. ഖത്തറിന് ഈ വര്‍ഷം 3.3 ശതമാനം വളര്‍ച്ചയാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്.
ലോകബാങ്കിന്റെ പുതിയ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോര്‍ട്ടിലാണ് സാമ്പത്തിക വളര്‍ച്ചയില്‍ ജിസിസി രാജ്യങ്ങളെ ഖത്തര്‍ തന്നെ നയിക്കുമെന്ന് സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 3.3 ശതമാനം വളര്‍ച്ചയാണ് ഖത്തറിന്റെ സമ്പദ്ഘടനയില്‍ ലോകബാങ്ക് പ്രതീക്ഷിക്കുന്നത്. യുഎഇ 2.8 ശതമാനവും സൌദി 2.2 ശതമാനവും വളര്‍ച്ച നേടും.ബഹ്റൈനില്‍ 2.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഒമാന്‍ 1.5 ശതമാനം, കുവൈത്ത് 1.3 ശതമാനം എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച. ലോകകപ്പ് ഫുട്ബോള്‍ സമയത്തെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ ഈ വര്‍ഷം ആദ്യഘട്ടത്തില്‍ ഖത്തറിന്റെ സമ്പദ്ഘടനയില്‍ നേരിയ കുറവുണ്ടായിരുന്നു. മാത്രമല്ല ആഗോള സാമ്പത്തിക മാന്ദ്യവും എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകളും കാരണം മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലയില്‍ ഒന്നാകെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേ സമയം ഈ വര്‍ഷം ആദ്യ പാദത്തില്‍ ഖത്തറിന് 19.7 ബില്യണ്‍ റിയാലിന്റെ ബജറ്റ് മിച്ചം ഉണ്ടായിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്.
Adjust Story Font
16