Quantcast

പ്രസവത്തിന് പിന്നാലെ മസ്തിഷ്കാഘാതം, യുവ മലയാളി ഡോക്ടര്‍ ഖത്തറില്‍ മരണപ്പെട്ടു

തലശ്ശേരി മേനപ്പുറം സ്വദേശിനി ഡോ.ഹിബ ഇസ്മയില്‍ (30) ആണ് മരണപ്പെട്ടത്

MediaOne Logo
പ്രസവത്തിന് പിന്നാലെ മസ്തിഷ്കാഘാതം, യുവ മലയാളി ഡോക്ടര്‍ ഖത്തറില്‍ മരണപ്പെട്ടു
X

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ദോഹയില്‍ മരണപ്പെട്ടു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയില്‍ (30) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൌണ്ടേഷനില്‍ ഡോക്ടറുമായ ഡോ. മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്‍റെയും മഹ്മൂദയുടെയും മകളാണ്. മൂന്നാഴ്ച്ച മുമ്പാണ് ഹിബ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞയാഴ്ച്ച പെട്ടെന്ന് തലവേദന വരികയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായ മസ്തിഷ്കാഘാതമാണ് ഹിബയ്ക്ക് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും വെന്‍റിലേറ്ററില്‍ ജീവന്‍ രക്ഷിക്കാനായി ശ്രമം നടന്നുവരികയും ചെയ്യുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തറിലെ അബൂ ഹമൂര്‍ ഖബറിസ്ഥാനില്‍ ഖബറടക്കി.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍ റെസിഡന്‍റ് ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. പ്രസവത്തിന് ശേഷം അമേരിക്കയില്‍ ഉപരിപഠനത്തിനായി പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹിബ മസ്തിഷ്ക മരണത്തിന് കീഴടങ്ങുന്നത്. വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസികളാണ് ഹിബയുടെ കുടുംബം. ഹമദ് ആശുപത്രിയില്‍ തന്നെ ജനിച്ച് അവിടെ തന്നെ ജോലി ലഭിച്ച് അതെ ആശുപത്രിയില്‍ വെച്ച് തന്നെയാണ് മരണവും സംഭവിച്ചത്. ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിലൊക്കെ സജീവ സാനിധ്യം കൂടിയായിരുന്ന ഡോ ഹിബയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം.

Next Story