ജീവകാരുണ്യ പദ്ധതികളുമായി ആർ.ടി.എ; ഇഫ്ത്താർ കിറ്റ് വിതരണവും സജീവം
സർക്കാർ സംവിധാനങ്ങളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്
യു.എ.ഇ: ദുബൈയിൽ റമദാനിൽ ആർ.ടി.എ പ്രഖ്യാപിച്ച വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണം. സർക്കാർ സംവിധാനങ്ങളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതാണ് പദ്ധതി
40,000പേർക്ക് ഭക്ഷണം എത്തിക്കുന്ന മീൽസ് ഓൺ വീൽസ്, 500 പേർക്ക് പ്രീപെയ്ഡ് നോൽ കാർഡ് വിതരണം ചെയ്യുന്ന റമദാൻ റേഷൻ എന്നിവയാണ് പദ്ധതിയിൽ പ്രധാനം. ഡ്രൈവർമാർ, തൊഴിലാളികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക.
എല്ലാ വർഷവും സംഘടിപ്പിക്കുന്ന 'റമദാൻ അമൻ' എന്ന പദ്ധതിയുടെ 9ാമത് എഡിഷനും തുടക്കം കുറിച്ചു. ഇഫ്താർ സമയത്ത് പ്രധാന റോഡുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും നോമ്പ്തുറ കിറ്റുകൾ നൽകുന്നതാണ് പദ്ധതി. ഇഫ്താർ സമയത്തെ തിരക്കിട്ട യാത്ര ഉണ്ടാക്കുന്ന അപകടങ്ങൾ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പദ്ധതി എമിറേറ്റ്സ് സൊസൈറ്റി ഫോർ പാരന്റ്സ് കെയർ എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് നടപ്പിലാക്കുക. 100പേർക്ക് പ്രീപെയ്ഡ് നോൽ കാർഡ് വിതരണമാണിത്. ഭക്ഷണ വിതരണ പദ്ധതിയിൽ ദിവസവും 1330പേർക്കാണ് ഭക്ഷണം എത്തിക്കുക. ദുബൈ ഇസ്ലാമികകാര്യ, ചാരിറ്റബിള്‍ വകുപ്പ്, ബൈത്തുൽ ഖൈർ സൊസൈറ്റി, എമിറേറ്റ്സ് റെഡ് ക്രസന്‍റ് അതോറിറ്റി, എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വനിതാ ടാക്സി ഡ്രൈവർമാർക്കുമാണ് 500 പ്രീപെയ്ഡ് നോൽ കാർഡ് വിതരണം ചെയ്യുന്നത്.
Adjust Story Font
16