രൂപയുടെ ഇടിവ് തുടരുന്നു; നാട്ടിലേക്ക് പണം അയക്കുന്നതിൽ വർധന
രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ തകർച്ചയാണ് നേരിടുന്നത്
ഇന്ത്യൻ രൂപയുടെ തളർച്ച പ്രയോജനപ്പെടുത്തി പ്രവാസികൾ. രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ തകർച്ചയാണ് നേരിടുന്നത്. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിൽ 25 ശതമാനം വർധന ഉണ്ടായതായി വിവിധ പണിമിടപാട് സ്ഥാപനങ്ങൾ വെളിപ്പെടുത്തി.
നടപ്പുവർഷം ജനുവരിക്കു ശേഷം രൂപയുടെ മൂല്യത്തിൽ 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അസംസ്കൃത എണ്ണവില വർധനയാണ് പ്രധാനമായും രൂപയുടെ മൂല്യതകർച്ചക്ക് വഴിവെച്ചത്. ഒരു ഡോളറിന് 83 രൂപക്കു മുകളിലേക്ക് വിനിമയ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് നേട്ടമായി. കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയിലേക്ക് പ്രവാസികൾ വൻതുക കൈമാറിയെന്നാണ് സ്ഥാപനങ്ങൾ വ്യക്തമാക്കുന്നത്.
ഒരു യു.എ.ഇ ദിർഹത്തിന് 22 രൂപ 47 പൈസ എന്നതാണ് പുതിയ നിരക്ക്. മറ്റു ഗൾഫ് കറൻസികൾക്കും ഉയർന്ന വിനിമയ മൂല്യമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. അസംസ്കൃത എണ്ണവില ഉയരുന്ന പ്രവണതയാണ് നിലവിലുള്ളത്. ഇതിനു പുറമെ വ്യാപാര കമ്മിയും ഇന്ത്യൻ രൂപക്ക് തിരിച്ചടിയാണ്. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യം തുടരാൻ തന്നെയാണ് സാധ്യത. വായ്പാ തിരിച്ചടവ് ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ അനുകൂല സാഹചര്യമാണിതെന്ന് സാമ്പത്തിക വിദഗ്ധർ പ്രവാസികളെ ഓർമിപ്പിക്കുന്നു.
Adjust Story Font
16