Quantcast

റഷ്യയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായുള്ള പ്രത്യേക സമ്മേളനം ജിദ്ദയിൽ ചേർന്നു

ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്ക് കീഴിലുള്ള ഗ്രൂപ്പ് ഓഫ് സ്ട്രാറ്റജിക് വിഷന് കീഴിലാണ് പ്രത്യേക സമ്മേളനം തുടങ്ങിയത്. സൽമാൻ രാജാവിന്റെ മേൽനോട്ടത്തിലുള്ള സമ്മേളനത്തിലേക്ക് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അതിഥികളെ സ്വീകരിച്ചു.

MediaOne Logo

Web Desk

  • Published:

    25 Nov 2021 1:53 PM GMT

റഷ്യയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായുള്ള പ്രത്യേക സമ്മേളനം ജിദ്ദയിൽ ചേർന്നു
X

റഷ്യയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായുള്ള പ്രത്യേക സമ്മേളനം ജിദ്ദയിൽ ചേർന്നു. റഷ്യയിലെ വിവിധ മത പുരോഹിതരും ഇസ്‌ലാമിക രാജ്യങ്ങളിലെ പണ്ഡിതരും മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. വിവിധ മതങ്ങളും രാജ്യങ്ങളും തമ്മിലുള്ള സംവാദവും സൗഹൃദവും ശക്തമാക്കുകയാണ് ലക്ഷ്യം.

ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്ക് കീഴിലുള്ള ഗ്രൂപ്പ് ഓഫ് സ്ട്രാറ്റജിക് വിഷന് കീഴിലാണ് പ്രത്യേക സമ്മേളനം തുടങ്ങിയത്. സൽമാൻ രാജാവിന്റെ മേൽനോട്ടത്തിലുള്ള സമ്മേളനത്തിലേക്ക് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അതിഥികളെ സ്വീകരിച്ചു. റഷ്യയിലെ വിവിധ മത വിഭാഗങ്ങളും പണ്ഡിതരുമായി ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം. സംവാദവും സഹകരണത്തിനുള്ള സാധ്യതകളും എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. റഷ്യൻ പ്രസിഡന്റിനു വേണ്ടി റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് സമ്മേളനത്തിന് നന്ദി പറഞ്ഞു.




സൽമാൻ രാജാവിന്റെ പ്രസംഗം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് അവതരിപ്പിച്ചത്. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിൽ ഇസ്ലാമിക ലോകവും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള തന്ത്രപ്രധാനമായ യോഗത്തിനു വളരെ പ്രധാന്യമുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു. മതങ്ങളുടെയും നാഗരികതകളുടെയും അനുയായികൾ തമ്മിലുള്ള സംവാദങ്ങൾ ശക്തമാക്കുന്നതിനും തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിനും സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനും ഈ യോഗം സഹായിക്കും. സൗദി-റഷ്യൻ ബന്ധം ശക്തവും ചരിത്രപരമാണ്. അതിനു 95 വർഷം കവിഞ്ഞു. ഈ ബന്ധങ്ങൾ സമീപ കാലത്ത് ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സന്ദർശനങ്ങളിൽ കലാശിച്ചു. നിരവധി സംയുക്ത കരാറുകളിൽ ഒപ്പുവെക്കുന്നതിന് കാരണമായി. സാമ്പത്തിക, സാംസ്‌കാരിക, പ്രതിരോധ മേഖലകളും ഈ ബന്ധങ്ങളുടെ വികസനത്തിനും ദൃഢീകരണത്തിനും വഴിയൊരുക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ നിലവാരം ഉയർത്തി. റഷ്യയെ ഇസ്‌ലാമിക ലോകവുമായി ബന്ധിപ്പിക്കുന്നത് ശക്തവും ആഴത്തിലുള്ളതുമായ ബന്ധങ്ങളാണ്. 15 വർഷത്തിലേറെയായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ നിരീക്ഷക അംഗമെന്ന നിലയിൽ ഇത് പ്രകടമാണ് ഇത് ഓർഗനൈസേഷനുമായുള്ള ഫലപ്രദമായ സഹകരണത്തിന് കാരണമായെന്നും സൽമാൻ രാജാവ് പറഞ്ഞു.

ലോകം നേരിടുന്ന സമീപകാല വെല്ലുവിളികൾ നമ്മളെല്ലാം ഒരേ യാത്രയിലാണെന്ന് കാണിക്കുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരു രാജ്യവും പ്രദേശവും ഒറ്റപ്പെടുന്നില്ല. രാഷ്ട്രീയ സംഘർഷങ്ങൾ, പകർച്ചവ്യാധികളുടെ വ്യാപനം, സാമ്പത്തിക സ്തംഭനാവസ്ഥ, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് പുറമേ മറ്റ് നിരവധി ആഗോള സംഭവങ്ങൾക്കും ദുരന്തങ്ങൾക്കും ഇത് ബാധകമാണ്. ഈ വീക്ഷണകോണിൽ നിന്ന് സംയുക്ത സഹകരണം വർധിപ്പിക്കാൻ വിഷൻ ഗ്രൂപ്പിന്റെ രാജ്യങ്ങളോട് രാജ്യം ആഹ്വാനം ചെയ്യുന്നു.




മതങ്ങളുടെ അനുയായികൾക്കിടയിൽ സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനും നാഗരികതകളും സംസ്‌കാരങ്ങളും തമ്മിലുള്ള സംഭാഷണം വികസിപ്പിക്കുന്നതിനും പരമ്പരാഗതവും ആത്മീയവും കുടുംബപരവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ ഗ്രൂപ്പ് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു. റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡന്റും സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പ് ചെയർമാനുമായ റുസ്തം മിന്നിഖാനോവും റഷ്യൻ ഫെഡറേഷനിലെയും ഇസ്‌ലാമിക രാജ്യങ്ങളിലെയും നിരവധി വിശിഷ്ട വ്യക്തികളും പണ്ഡിതന്മാരും ചിന്തകരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

27 മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള 33 ഉന്നത വ്യക്തിത്വങ്ങളാണ് സമ്മേളനത്തിലുള്ളത്. റഷ്യൻ ഫെഡറേഷനും ഇസ്‌ലാമിക ലോകവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രായോഗികമായി നടപ്പിലാക്കുന്നതിലാണ് ഗ്രൂപ്പ് ഓഫ് സ്ട്രാറ്റജിക് വിഷന് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനിൽ നിരീക്ഷണ അംഗത്വമുണ്ട് റഷ്യക്ക്. ഇവരുമായുള്ള സഹകരണത്തിനാണ് 2006ൽ ഗ്രൂപ്പ് ഓഫ് സ്ട്രാറ്റജിക് വിഷൻ രൂപീകരിച്ചത്.


TAGS :

Next Story